അന്ന് നിർമ്മാതാവിന്റെ കളിയാക്കലിൽ നിന്നും രക്ഷിച്ചത് മമ്മുക്കയാണ്; സിനിമാ സെറ്റിലെ അനുഭവം പങ്കുവെച്ച് നടൻ രാജീവ് പിള്ള

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന് വേണ്ടിയുള്ള മികച്ച പ്രകടനത്തിലൂടെ അദ്ദേഹം ശ്രദ്ധേയനായ താരമാണ് നടൻ രാജീവ് പിള്ള. സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിലൂടെയാണ് രാജീവ് പിള്ള സിനിമയിലേക്ക് വരുന്നത്. ഇപ്പോൾ തനിയ്ക്ക് ഒരു സിനിമാ സെറ്റിൽ വെച്ചുണ്ടായ അനുഭവത്തെ കുറിച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. മമ്മൂക്കയുടെ ഫിറ്റ്നസിന്റെ വലിയ ആരാധകാനാണെന്നും അദ്ദേഹം പറയുന്നു.
പതിനെട്ടാം പടി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ചിത്രീകരണ സമയത്ത് മമ്മൂട്ടി നിരവധി ഉപദേശങ്ങൾ തന്നിട്ടുണ്ടെന്നും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തത് ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവം ആയിരുന്നുവെന്നും രാജീവ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഒരു ദിവസം ബ്രേക്ക് സമയത്ത് ഡയറ്റിലായിരുന്ന എന്നെ ഭക്ഷണപ്രിയനായ ഞങ്ങളുടെ നിർമ്മാതാവ് തമാശയ്ക്ക് കളിയാക്കി. അന്ന് മമ്മൂക്കയാണ് രക്ഷിച്ചത്. നല്ല ശരീരം ലഭിക്കാൻ ഒരു വില കൊടുക്കണമെന്നും നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചാൽ അത് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്കയും ഞാനും ഒരേ ജിമ്മിൽ ആണ് പോകുന്നത്. സിനിമ ചിത്രീകരണ സമയത്തുപോലും അദ്ദേഹം കൃത്യമായ ഡയറ്റ് എടുക്കുന്നയാളാണ്. മമ്മൂക്കയുടെ ഫിറ്റ്നസിന്റെ വലിയ ആരാധകൻ കൂടിയാണ് ഞാൻ’, രാജീവ് പിള്ള പറയുന്നു.
മമ്മൂക്കയ്‌ക്കൊപ്പം രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് വളരെ ആശങ്കയിൽ ആയിരുന്നുവെന്നും ഇതറിഞ്ഞ അദ്ദേഹം തന്നെ ആശ്വസിപ്പിക്കുകയും രംഗത്തിന് ആവശ്യമായതെല്ലാം ചെയ്യാൻ പറഞ്ഞുവെന്നും രാജീവ് പിള്ള കൂട്ടിച്ചേർത്തു. ജോൺ എബ്രഹാം നായകനായെത്തുന്ന ബോളിവുഡ് ചിത്രം സത്യമേവ ജയത 2ലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.