സ്വര്‍ണക്കടത്ത് കേസിൽ എന്‍.ഐ.എ സംഘം വീണ്ടും സെക്രട്ടറിയേറ്റില്‍.

സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയിലേക്ക് വീണ്ടും ദേശീയ സുരക്ഷാ ഏജൻസിയായ എൻ ഐ എ എത്തി. നേരത്തെ സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങൾ ആവശ്യപെടായിരുന്നു എൻ ഐ എ എത്തിയിരുന്നത്. യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിന്റെ മറവിൽ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴി രേഖപ്പെടുത്താനാണ് എന്‍.ഐ.എ സംഘം ബുധനാഴ്ച സെക്രട്ടറിയേറ്റിലെത്തിയത്. സംസ്ഥാനത്തിന്‍റെ അറിവോടെ നയതന്ത്ര ബാഗുകള്‍ എത്ര തവണയെത്തി എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് എന്‍.ഐ.എ സംഘം പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തത്. സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും എന്‍.ഐ.എ സംഘം ചര്‍ച്ച നടത്തി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് എന്‍.ഐ.എ സംഘം സെക്രട്ടറിയേറ്റിലെത്തുന്നത്.
യുഎഇ കോണ്‍സുലേറ്റിന് നയതന്ത്ര ബാഗേജുകള്‍വഴി സാധനങ്ങള്‍ കൊണ്ടുവരുന്നതിനു സംസ്ഥാന സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനിടെ നല്‍കിയ ഇളവുകള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസി.കമ്മിഷണര്‍ എന്‍.എസ്.ദേവ് സംസ്ഥാന പ്രേട്ടോകോള്‍ ഓഫിസര്‍ക്ക് നേരത്തെ കത്തു നല്‍കിയിരുന്നു. അതേസമയം, സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളിൽ യുഎഇ കോണ്‍സുലേറ്റ് അനുമതി ആവശ്യപ്പെടുകയോ സര്‍ക്കാര്‍ അത് നൽകുകയോ ചെയ്തിട്ടില്ലെന്നു പ്രോട്ടോകോള്‍ വിഭാഗത്തിൽ നിന്നും അറിയാൻ കഴിയുന്നത്. ഇക്കാര്യത്തിൽ പ്രധാനമായും, നാലു കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിനോട് കസ്റ്റംസ് ചോദിച്ചിരിക്കുന്നത്. ഡിപ്ലോമാറ്റിക് മിഷനിലൂടെ വരുന്ന സാധനങ്ങള്‍ക്കു ഡ്യൂട്ടി ഫ്രീ ക്ലിയറന്‍സ് നല്‍കുന്നതിനുള്ള പ്രോട്ടോകോള്‍ മാന്വലിന്റെ അംഗീകൃത കോപ്പി, 2019-21 കാലയളവില്‍ യുഎഇ കോണ്‍സുലേറ്റിനു നല്‍കിയ ഇളവുകള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, ഇളവുകള്‍ക്കായി അപേക്ഷ നല്‍കിയ ഉദ്യോഗസ്ഥന്റെയും അനുമതി നല്‍കിയ ഉദ്യോഗസ്ഥന്റെയും പേരും സ്ഥാനപേരും, 2019-21 കാലയളവില്‍ യുഎഇ കോണ്‍സുലേറ്റിലുണ്ടായിരുന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പുകളുടെ പകര്‍പ്പ്, എന്നിവയാണ് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഓഗസ്റ്റ് 20ന് മുന്‍പ് ഈ രേഖകളുടെ പകര്‍പ്പ് നേരിട്ടോ തപാല്‍വഴിയോ കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ 1962ലെ കസ്റ്റംസ് ആക്ട് 108 വകുപ്പ് അനുസരിച്ച് എത്തിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രോട്ടോകോള്‍ കൈപ്പുസ്തകത്തിലെ 3, 17 അധ്യായങ്ങളിലാണ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട നികുതി ഇളവുകളെക്കുറിച്ച് പരാമർശിക്കുന്നത്. 20 ലക്ഷത്തില്‍ താഴെ വിലയുള്ള സാധനങ്ങള്‍ കോണ്‍സുലേറ്റിലേക്ക് വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് സംസ്ഥാന പ്രോട്ടോകോള്‍ ഉദ്യോഗസ്ഥന്റെ അനുമതിയോടെ ആയിരിക്കണമെന്നും, അതിനു മുകളില്‍ വിലയുള്ള സാധനങ്ങള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥയാണ് ഇതിൽ പറഞ്ഞിട്ടുള്ളത്. സാധനം ഇറക്കുമതി ചെയ്യാന്‍ ഫോം സെവനില്‍ അപേക്ഷ പ്രോട്ടോകോള്‍ വിഭാഗത്തിനു നല്‍കി പ്രോട്ടോകോള്‍ ഉദ്യോഗസ്ഥന്‍ അംഗീകാരം നൽകിയശേഷം അത് പിന്നീട് കസ്റ്റംസിന് കൈമാറയുകയും വേണം. ഇത്തരത്തിൽ വരുന്ന സാധനങ്ങള്‍ പരിശോധിക്കേണ്ടത് കസ്റ്റംസ് ആണ്.