ആനി ചേച്ചിയോട് അന്നേ പറഞ്ഞിരുന്നതല്ലേ മേക്കപ്പും തുണിയും ഇടൂലാന്ന്; നിമിഷ സജയനെതിരെ അധിക്ഷേഭവുമായി സൈബർ ആങ്ങളമാർ

നടി നിമിഷ സജയനെതിരെ ആക്രമണവുമായി സൈബർ ലോകം. ഇൻസ്റ്റഗ്രാമിൽ നിമിഷ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ചർച്ചാവിഷയം ആയത്. നടിയുടെ വസ്ത്രത്തിനെതിരെ അധിക്ഷേപ കമന്റുകളുമായി നിരവധി പേരെത്തിയത്. ഇത്രയും കാലത്തിന്റെ ഇടക്ക് ഇങ്ങനെ ഒരു പാന്റ് പിച്ചക്കാർക്ക് പോലും കണ്ടിട്ടില്ലല്ലോ, പിരിവെടുത്തെങ്കിലും ആരെങ്കിലും കുട്ടിക്ക് വസ്ത്രം വാങ്ങി നൽകണേ, നല്ലൊരു നടിയായിരുന്നു ഇപ്പോൾ ഈ ഗതി വന്നല്ലോ എന്നിങ്ങനെയാണ് വന്നിരിക്കുന്ന കമന്റുകളിൽ അധികവും.
ആനീസ് കിച്ചൺ എന്ന പരിപാടിയിൽ മേക്കപ്പിനെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും നിമിഷ പറഞ്ഞ കമന്റുകളെ വികൃതമായി വ്യാഖ്യാനിച്ചും ചിലരെത്തുന്നുണ്ട്. ആനി ചേച്ചിയോട് അന്നേ പറഞ്ഞിരുന്നതല്ലേ മേക്കപ്പും തുണിയും ഇടൂലാന്ന്, നിമിഷ പറഞ്ഞ വാക്ക് പാലിച്ചുവെന്നാണ് ഒരു കമന്റ്. കഥാപാത്രത്തിന് ആവശ്യമാണെങ്കിൽ മേക്കപ്പിടും, സ്വകാര്യജീവിതത്തിൽ അതിന്റെ ആവശ്യം തോന്നിയിട്ടില്ലെന്നും ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നുമായിരുന്നു നിമിഷ പറഞ്ഞിരുന്നത്.
അതേസമയം സൈബർ ആങ്ങളമാർക്കുള്ള മറുപടിയുമായും ചിലരെത്തിട്ടിയുണ്ട്. ‘അയ്യേ… നാണമില്ലാത്തവൾ, നിനക്ക് ഞങ്ങളെ പോലെ കേരളതനിമയിൽ ഡബിൾ മുണ്ടുടുത്ത് മടക്കി കുത്തി അടിവസ്ത്രം വരെ കാണിച്ച് നടന്നൂടെ,’ എന്നാണ് അധിക്ഷേപങ്ങളെ പരിഹസിച്ചുകൊണ്ട് ഒരാളെഴുതിയത്. മാർച്ച് എട്ടിനാണ് ഗ്രൂപ്പിൽ നിമിഷയുടെ ഫോട്ടോ വന്നത്. വനിതാദിനം ആശംസിച്ച് പോസ്റ്റുകളും സ്റ്റാറ്റസുകളും ഇടുന്നവർ തന്നെയാണ് ഇവിടെ വന്ന് അധിക്ഷേപം ചൊരിയുന്നതെന്ന് മറക്കരുതെന്നാണ് ഫോട്ടോക്ക് താഴെ വന്ന ഒരു കമന്റ്.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് നിമിഷയുടെ അവസാനമിറങ്ങിയ ചിത്രം. മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ നടി കാഴ്ച വെച്ചത്. കുറഞ്ഞ നാളുകൾക്കുള്ളിൽ വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നിമിഷയുടെ ഒരുപിടി ചിത്രങ്ങളാണ് ഉടൻ തിയേറ്ററുകളിലെത്തുക. തുറുമുഖം, മാലിക്, നായാട്ട് തുടങ്ങി മലയാളികൾ ഏറെ ആകാംക്ഷയുടെ കാത്തിരിക്കുന്ന ചിത്രങ്ങളിലെല്ലാം പ്രധാന കഥാപാത്രമായാണ് നിമിഷയെത്തുന്നത്.