ഓണവും സ്വതന്ത്ര്യ ദിനവും; ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി
തിരുവനന്തപുരം: സ്വാതന്ത്ര്യദിനവും ഓണവും പ്രമാണിച്ച് സംസ്ഥാനത്ത് ഇനി 20 ദിവസം സമ്പൂര്‍ണലോക്ഡൗണ്‍ ഉണ്ടായിരിക്കില്ല. ആഘോഷത്തോടനുബന്ധിച്ച് ഞായറാഴ്ച ദിവസങ്ങളായ ആഗസ്റ്റ് 15, 22 തീയതികളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ എടുത്തുകളഞ്ഞതോടെയാണിത്.
അതേസമയം, കോവിഡ് വ്യാപനം തടയാനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത് തുടരും. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങളില്‍ വരും ദിവസങ്ങളിലും പരിശോധന തുടരും. മൂന്നുമാസത്തിനിടെ മാസ്ക് ധരികാത്തതിന് മാത്രം 55 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇക്കാലയളവില്‍ 10 ലക്ഷം പേരില്‍നിന്നായാണ് പിഴ ഈടാക്കിയത്. മേയില്‍ 2.60 ലക്ഷം, ജൂണില്‍ മൂന്ന് ലക്ഷം, ജൂലൈയില്‍ 4.34 ലക്ഷം എന്നിങ്ങനെയാണ് മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തിയവരുടെ എണ്ണം. കഴിഞ്ഞ മൂന്നുദിവസത്തിനിെട നാല് കോടി രൂപയാണ് പിഴ ഇനത്തില്‍ പൊലീസ് ഈടാക്കിയത്. 70,000 പേരില്‍നിന്നാണ് ഇത്രയും തുക ഈടാക്കിയത്.
നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിന് മേയില്‍ സംസ്ഥാനത്താകെ 80964 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ജൂണില്‍ 1.38 ലക്ഷമായും ജൂലൈയില്‍ 2.20 ലക്ഷമായും വര്‍ധിച്ചു. അറസ്റ്റിലാകുന്നവരുടെ എണ്ണവും കൂടി. മേയില്‍ 33664 പേരായിരുന്നെങ്കില്‍ ജൂണില്‍ അറസ്റ്റിലായത് 46,691 പേരാണ്. ജൂലൈയിലാകെട്ട 46,560ഉം. നിര്‍ദേശം പാലിക്കാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയതിന് 40195 പേര്‍ക്കാണ് മേയില്‍ പിടിവീണത്. ജൂണിലിത് 80296ഉം ജൂലൈയില്‍ 94609ഉം. സമ്ബര്‍ക്ക വിലക്ക് ലംഘിച്ചതിന് മേയിലെ 1333ല്‍നിന്ന് ജൂലൈയിലേക്കെത്തുമ്പോള്‍ 2959 ആയാണ് കേസുകള്‍ കൂടിയത്.