മുഴുവന്‍ കടകളും തുറക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് വ്യാപാരികള്‍; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച
തിരുവനന്തപുരം: മുഴുവന്‍ കടകളും തുറക്കണം എന്ന ആവശ്യത്തില്‍ ഉറച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഇതുമായി ബന്ധപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
വ്യാഴാഴ്ച മുതല്‍ എല്ലാ കടകളും തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കെതിരേ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്ക് മുന്നിലും ഇന്ന് പ്രതിഷേധം നടത്താനും വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്.
ശനിയും ഞായറും മാത്രം കടകള്‍ അടച്ചിട്ടതുകൊണ്ട് കൊവിഡ് വ്യാപനം കുറയില്ലെന്ന വാദത്തിലാണ് വ്യാപാരികള്‍. ഇടവേളകളില്ലാതെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം എന്ന് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ വ്യാപാരികളുടെ നീക്കത്തിനെതിരെ കടുത്ത ഭീഷണിയുമായി ഇന്നലെ മുഖ്യമന്ത്രി മുന്നോട്ട് വന്നിരുന്നു. മറ്റൊരു രീതിയില്‍ കളിച്ചാല്‍ എങ്ങിനെ നേരിടണമെന്ന് അറിയാമെന്നാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.