പ്രവാസികൾക്കും ഇനി വോട്ട് ചെയ്യാം, ഇ-ബാലറ്റിലൂടെ വോട്ടിങ് അനുവദിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം,ചട്ടത്തിൽ ഭേദഗതി കൊണ്ടു വരും.
NewsKeralaNationalLocal News

പ്രവാസികൾക്കും ഇനി വോട്ട് ചെയ്യാം, ഇ-ബാലറ്റിലൂടെ വോട്ടിങ് അനുവദിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം,ചട്ടത്തിൽ ഭേദഗതി കൊണ്ടു വരും.

ന്യൂഡൽഹി / പ്രവാസി ഇന്ത്യക്കാർക്ക് ഇ-ബാലറ്റിലൂടെ വോട്ടിങ് അനുവദിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. പ്രവാസികൾക്ക് ഇ-ബാലറ്റിലൂടെ വോട്ടിങ് അനുവദിക്കാമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവാസി സംഘടനകൾ, രാഷ്ട്രീയപാർട്ടികൾ എന്നിവയുമായി കമ്മിഷൻ ചർച്ച നടത്തും. തിരഞ്ഞെടുപ്പ് ചട്ടത്തിൽ ഭേദഗതി കൊണ്ടുവരുന്നതിൽ നിയമമന്ത്രാലയം ഉടൻ തീരുമാനമെടുക്കും. പ്രവാസി ഇന്ത്യക്കാർക്ക് ഇ ബാലറ്റ് ഏർപ്പെടുത്താത്തതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും വിദേശകാര്യമന്ത്രാലയവും വിശദമായ ചർച്ചയാണ് നടത്തിയത്. കരട് രൂപരേഖ കമ്മിഷൻ കൈമാറുകയും ചെയ്‌തു. എല്ലാവരോടും വിശദമായ കൂടിയാലോചന നടത്തണമെന്ന നിർദേശത്തോടെയാണ് ഇ ബാലറ്റിനെ വിദേശകാര്യമന്ത്രാലയം അനുകൂലിച്ചത്. കേരളത്തിലുൾപ്പടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ ബാലറ്റ് സംവിധാനം ഏർപ്പെടുത്താൻ സാങ്കേതികമായും നടത്തിപ്പുപരമായും തയ്യാറാണെന്ന് കമ്മിഷൻ വ്യക്തമാക്കിയിരിക്കുകയാണ്. പ്രവാസികൾക്ക് വോട്ട് ചെയ്യാനായി സാങ്കേതികവും ഭരണപരവുമായി കമ്മീഷൻ സജ്ജമായെന്ന് കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നതാണ്. പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. ഈ ശിപാർശയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചത്.

വിദേശ കാര്യ മന്ത്രലയത്തിന്‍റെ അനുമതി ലഭിച്ചതോടെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുമായും പ്രവാസി സംഘടനകളുമായും കമ്മീഷൻ ചർച്ച നടത്തും. വോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ചാകും ചർച്ച നടത്തുക. കേന്ദ്ര സർക്കാർ 1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ ഭേദഗതി കൊണ്ട് വന്നാൽ മാത്രമേ പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ടിങ് സാധ്യമാകൂ. ഭേദഗതിക്ക് പാർലമെന്‍റിന്‍റെ അംഗീകാരം ആവശ്യമില്ലെന്നതിനാലാണ് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇ ബാലറ്റിന് 1961ലെ തിരഞ്ഞെടുപ്പ് ചട്ടത്തിൽ മാറ്റം വരുത്തിയാൽ മതിയെന്നാണ് കമ്മിഷന്റെ നിർദേശം. ഇക്കാര്യത്തിൽ നിയമമന്ത്രാലയം ഉടൻ തീരുമാനമെടുക്കും. 206 രാജ്യങ്ങളിലായി 1.7 കോടി പ്രവാസികളുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ കണക്ക് അനുസരിച്ച് 99,807 പേർ വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. ഇതിൽ 85,161 പേർ കേരളത്തിൽ നിന്നുള്ളവരാണ്.

കമ്മിഷൻ വിശദീകരണം അനുസരിച്ച് വിദേശത്തുള്ള ഇന്ത്യൻ പൗരൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളിൽ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നതായി റിട്ടേണിങ് ഓഫീസറെ അറിയിക്കുകയാണ് വേണ്ടത്. റിട്ടേണിങ് ഓഫീസർ ബാലറ്റ് പേപ്പർ ഇമെയിലിലൂടെ വോട്ടർക്ക് അയക്കും. ബാലറ്റ് പേപ്പർ പ്രിന്‍റ് ചെയ്തെടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസി സാക്ഷ്യപത്രം കൂടി ചേർത്ത് തിരിച്ചയക്കണം. ബാലറ്റ് പേപ്പർ നേരിട്ട് അയക്കുകയാണോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം മാത്രം കമ്മിഷൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മറ്റ് നടപടി ക്രമങ്ങൾ കൂടി പൂർത്തിയായാൽ 2021നിയമ സഭ തെരഞ്ഞെടുപ്പിൽ മലയാളി പ്രവാസികൾക്കും വോട്ട് ചെയ്യാനാകും.

Related Articles

Post Your Comments

Back to top button