ആകെ ജനസംഖ്യയെ അപേക്ഷിച്ച് ആധാർ രജിസ്‌ട്രേഷനുകളുടെ എണ്ണം കൂടുതലാണെന്ന് ഔദ്യോഗിക കണക്കുകൾ

കേരളത്തില്‍ സംസ്ഥാനത്തെ ആകെ ജനസംഖ്യയെ അപേക്ഷിച്ച് ആധാർ രജിസ്‌ട്രേഷനുകളുടെ എണ്ണം കൂടുതലാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2025 സെപ്റ്റംബർ 30 വരെ സംസ്ഥാനത്ത് വിതരണം ചെയ്ത ആധാർ കാർഡുകളുടെ എണ്ണം 4,09,68,282 ആണെങ്കിലും, കേരളത്തിന്റെ ആകെ ജനസംഖ്യ 3,60,63,000 മാത്രമാണ്. ഇതിലൂടെ 49 ലക്ഷത്തിലധികം ആധാർ രജിസ്‌ട്രേഷനുകൾ അധികമാണെന്ന് കാണുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലൂടെയാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. രാജ്യത്താകെ ഇത്തരം വ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തിലാണ് അന്തരം ഏറ്റവും കൂടുതലെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യുണീക്ക് ഐഡന്റിഫിക്കേഷൻ സിസ്റ്റം സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യാത്തതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. മരണമടഞ്ഞവരുടെ ആധാർ നമ്പറുകൾ റദ്ദാക്കാനോ നിർജ്ജീവമാക്കാനോ വേണ്ട നടപടികൾ കാര്യക്ഷമമല്ലാത്തതാണ് പ്രധാന പിഴവെന്ന് കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല ചൂണ്ടിക്കാട്ടുന്നു. ഇത്തരം വീഴ്ചകൾ മരണപ്പെട്ടവരുടെ രേഖകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡാറ്റയുടെ കൃത്യതയും സുരക്ഷയും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണ് എന്നും രാജു പറഞ്ഞു.
രാജ്യതലത്തിലും സമാനമായ സ്ഥിതിയാണ്. ഇന്ത്യയുടെ ജനസംഖ്യ 141.22 കോടിയാണെങ്കിലും വിതരണം ചെയ്ത ആധാർ കാർഡുകളുടെ എണ്ണം 142.95 കോടിയോളം. അതായത്, 1.73 കോടി അധിക ആധാർ രജിസ്‌ട്രേഷനുകളാണ് നിലവിലുള്ളത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, പഞ്ചാബ്, രാജസ്ഥാന്‍, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ വ്യത്യാസം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
അതേസമയം, ആധാർ ഡാറ്റാബേസ് കൃത്യമായി നിലനിർത്താൻ യുഐഡിഎഐ നടപടികൾ ശക്തമാക്കിയതായി വ്യക്തമാക്കുന്നു. സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം (സിആർഎസ്) വഴി 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്ന് ലഭിച്ച ഏകദേശം 1.55 കോടി മരണ രേഖകളുടെ അടിസ്ഥാനത്തിൽ, 1.17 കോടിയിലധികം ആധാർ നമ്പറുകൾ ഇതിനകം നിർജ്ജീവമാക്കിയതായി യുഐഡിഎഐ അറിയിച്ചു.
മരണമടഞ്ഞവരുടെ വിവരങ്ങൾ അറിയിക്കാൻ ആധാറിന്റെ വെബ്‌സൈറ്റ് മുഖേനയും ഇപ്പോൾ സൗകര്യമുണ്ട്. 2025 ജൂൺ 9 മുതൽ പ്രാബല്യത്തിലായ ഈ സംവിധാനത്തിലൂടെ മരിച്ചയാളുടെ ആധാർ നമ്പറും മരണ രജിസ്‌ട്രേഷൻ നമ്പറും ഉപയോഗിച്ച് കുടുംബാംഗങ്ങൾക്ക് റിപ്പോർട്ട് നൽകാം. ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ പ്രക്രിയ പൂർത്തിയാക്കാനാകും. നൂറ് വയസ്സ് പിന്നിട്ടവരെ കണ്ടെത്താനും ബാങ്കുകളിൽ നിന്നുള്ള മരണ രേഖകൾ ശേഖരിക്കാനും സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും യുഐഡിഎഐ അറിയിച്ചു.
Tag: Official figures show that the number of Aadhaar registrations is higher than the total population



