അയ്യോ കനയ്യേ പോകല്ലേ..! രാഹുലിനൊപ്പം പോകല്ലേ..!
ഇന്ത്യയില്‍ സിപിഐ ഇപ്പോള്‍ വലിയൊരു വെല്ലുവിളി നേരിടുകയാണ്. ദേശീയ നേതൃത്വത്തിന്റെ കണ്ണിലുള്ള കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് പോകാനൊരുങ്ങുകയാണ്. കേരളത്തില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പോലും ഒറ്റയ്ക്കു നിന്നാല്‍ കെട്ടിവച്ച പൈസ കിട്ടാത്ത പാര്‍ട്ടിയാണ് സിപിഐ. എങ്കിലും അറിയപ്പെടുന്ന നേതാക്കള്‍ ഉള്ളത് ഇവിടെ മാത്രമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് എതിര്‍ത്തൊരു വാക്കുപോലും പറയാന്‍ കഴിയാത്ത ദേശീയ നേതാക്കളാണ് പാര്‍ട്ടിക്കുള്ളത്.
കനയ്യകുമാര്‍ സിപിഐ വിട്ട് എങ്ങോട്ടും പോകില്ല എന്നാണ് കാനം പറയുന്നത്. എന്നാല്‍ കനയ്യ നാളെ കോണ്‍ഗ്രസില്‍ ചേരുമെന്ന് ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല ഡി. രാജ വിളിക്കുമ്പോള്‍ പോലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാതെയാണ് കനയ്യ പാര്‍ട്ടി വിധേയത്വം കാണിക്കുന്നത്. ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും കോണ്‍ഗ്രസിലെത്തിയാല്‍ യുവരക്തങ്ങളുടെ പ്രചാരണങ്ങളില്‍ പൊതുജനം മയങ്ങി കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നാണ് അവരുടെ പുതിയ ഉപദേശകന്‍ പ്രശാന്ത് കിഷോര്‍ നല്‍കിയിരിക്കുന്ന ഉപദേശം.
കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്ക് നില്‍ക്കാനും ഇരിക്കാനും നടക്കാനുമെല്ലാം ഉപദേശങ്ങളുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ ഇനി അഹോരാത്രം പണിയെടുക്കും. അദ്ദേഹം ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി പണിയെടുത്ത് മമത ബാനര്‍ജിയെ തോല്‍പിച്ചു. ബീഹാറില്‍ ലാലുവിനും ഉത്തര്‍പ്രദേശില്‍ അഖിലേഷിനും വേണ്ടി ഉപദേശക റോളില്‍ തിളങ്ങിയിരുന്നു. അതിനാല്‍ ഇനി അടുത്തൊന്നും അവര്‍ അധികാരത്തിലെത്തില്ല. മോദി അയച്ച ചാരനാണ് അഖിലേഷ് എന്നാണ് പഴയ ഒരു സോഷ്യലിസ്റ്റ് നേതാവ് പറഞ്ഞത്.
പ്രശാന്ത് കിഷോറ് എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന് പരിചയപ്പെടുത്തിയത് മോദിയാണ്. എന്തായാലും 2024ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മോദിയുടെ അപ്രമാദിത്തം നീക്കി, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് പ്രശാന്ത് കിഷോര്‍ എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് നാടുമുഴുവന്‍ നടന്ന് കോണ്‍ഗ്രസിന് ആളെക്കൂട്ടുന്നതും. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കില്‍ അനുദിനം ബിജെപിയിലേക്കും മറ്റും ചേക്കേറുകയാണ്. നേതാക്കളെ മാത്രം കോണ്‍ഗ്രസിലെടുത്ത് അണികളെ ബിജെപിയിലേക്ക് തള്ളിവിടുന്ന രാഹുല്‍ മാജിക്കിന് പിന്തുണയുമായാണ് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയുമെല്ലാം പാര്‍ട്ടിയിലെത്തുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആരുപോയാലും വന്നാലും കനയ്യ പോയാല്‍ പാര്‍ട്ടി തകരുമെന്നാണ് സിപിഐക്കാര്‍ വിലപിക്കുന്നത്. അത് കോണ്‍ഗ്രസ് തകരുമെന്ന ഭീതി കൊണ്ടാണോ അതോ സിപിഐ ചിത്രത്തിലില്ലാതാവും എന്ന ബോധ്യം കൊണ്ടാണോ എന്നാണറിയാത്തത്. എന്തായാലും ഇപ്പോള്‍ സിപിഐക്കാര്‍ കനയ്യ കുമാറിന്റെ പിന്നാലെയാണ്. അവര്‍ ഏകസ്വരത്തില്‍ കനയ്യയോട് അപേക്ഷിക്കുകയാണ്- അയ്യോ കനയ്യേ പോകല്ലേ…! രാഹുലിനൊപ്പം പോകല്ലേ…! ഈ നിലവിളി കേട്ട് പിന്‍തിരിയും കനയ്യ കുമാര്‍ എന്ന പ്രതീക്ഷയിലാണ് കേരളത്തില്‍ മാത്രം ഒതുങ്ങിപ്പോയ അഖിലലോകപാര്‍ട്ടിയും നേതാക്കളും.