നൂറു ദിവസംകൊണ്ട് കേരളത്തിൽ നൂറു പദ്ധതികള്‍

അടുത്ത നൂറുദിവസത്തിനുളളില്‍ നൂറുപദ്ധതികള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആയി പൂര്‍ത്തീകരിച്ച് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 100 ദിവസം കൊണ്ട് നൂറു പദ്ധതികൾ അറിയിക്കാൻ വിളിച്ചേർത്ത പ്രത്യേക പത്രസമ്മേളത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 100രൂപ കൂട്ടിയതായും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോൾ നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടത്തിവരികയാണെന്നും, ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരുമെന്നും, റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ കിറ്റ് വിതരണം ചെയ്യുംമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ യുഡിഎഫിന്റെ കാലത്ത് 600 രൂപയായിരുന്നു പെന്‍ഷന്‍. അതു പോലും കൃത്യമായി വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ പെന്‍ഷന്‍ തുക 600ല്‍ നിന്ന് ആയിരം രൂപയായി, പിന്നീട് 1200 ആക്കി. ഇപ്പോള്‍ 1300 ആണ്. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 36 ലക്ഷത്തില്‍ നിന്ന് 58 ലക്ഷമായി വര്‍ധിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിക്കും. ഈ പെന്‍ഷന്‍ ഇനി മാസംതോറും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കുന്നില്ല. കൊവിഡ് ശക്തമായി തുടരുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് പരമാവധി സഹായം എത്തിക്കാനാണ് ശ്രമിക്കുന്നത്. ആവശ്യം വന്നാല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കും. കൊവിഡ് പരിശോധന പ്രതിദിനം അരലക്ഷം ആക്കും, 10 ഐ ടി ഐകള്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്സുകള്‍ തുടങ്ങും. 153 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ 100 ദിവസംകൊണ്ട് ഉദ്ഘാടനം ചെയ്യും. 10 പുതിയ ഡയാലിസ് കേന്ദ്രങ്ങള്‍ തുടങ്ങും. കുണ്ടന്നൂര്‍, വൈറ്റില പാലങ്ങള്‍ അടക്കം 11പാലങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോളേജ്, ഹയര്‍സെക്കന്‍ഡറി രംഗത്തെ 1000 തസ്തികകള്‍ സൃഷ്ടിക്കും. 2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ കഴിയും. മുഖ്യമന്ത്രി പറഞ്ഞു.