പാത്രംകൊട്ടി കോവിഡിനെ വരവേറ്റ ജനത കര്‍ഫ്യൂവിന് ഒരു വയസ്

ന്യൂഡല്‍ഹി: രാജ്യം കോവിഡ് ലോക്ഡൗണിലേക്ക് പ്രവേശിക്കുന്നതിന് മുമ്ബ് പാത്രം കൊട്ടി ആഘോഷിച്ച ജനത കര്‍ഫ്യൂവിന് ഒരു വയസ്. ജനത കര്‍ഫ്യൂവിനെ പരിഹസിച്ച് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗില് വിഡിയോകള്‍ പങ്കുവെച്ചെത്തി. ജനത കര്‍ഫ്യൂവിന് ശേഷം കോവിഡ് ഒഴിഞ്ഞുപോകുമെന്ന് വിശ്വസിച്ച തങ്ങള്‍ ഒരു വര്‍ഷമായി മഹാമാരിയുടെ ദുരിതത്തിലാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.
2020 മാര്‍ച്ച് 22ന് രാവിലെ ഏഴുമുതല്‍ രാത്രി ഒമ്ബതുമണിവരെയായിരുന്നു ജനത കര്‍ഫ്യൂ. ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും വൈകിട്ട് അഞ്ചുമണിക്ക് പാത്രം കൊട്ടണമെന്നായിരുന്നു (താലി ബജാവോ) ആഹ്വാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ബാല്‍ക്കണിയിലിരുന്ന് പാത്രം കൊട്ടാനായിരുന്നു ആഹ്വാനം.
എന്നാല്‍, സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ തെരുവിലറങ്ങി. പാത്രം കൊട്ടലും ജാഥയുമായായിരുന്നു ജനത കര്‍ഫ്യൂവിനെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആഘോഷിച്ചത്. ജനത കര്‍ഫ്യൂവിന് പാത്രം കൊട്ടുന്ന വിഡിയോകള്‍ പലരും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇത്തരത്തില്‍ വൈറലായ വിഡിയോകളാണ് പലരും ഹാഷ്ടാഗിലൂടെ വാര്‍ഷിക ദിനത്തില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.