CrimeKerala NewsLatest NewsNews

വെളിച്ചം കാണാതെ ഒരാണ്ട്; ബിനീഷ് കോടിയേരിയുടെ ജാമ്യം ഇനിയുമകലെ

ബംഗളൂരു: സിപിഎമ്മിന്റെ സമുന്നത നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി വിവിധ കേസുകളിലായി പരപ്പന അഗ്രഹാര ജയിലിലെ അന്തേവാസിയായിട്ട് ഒരു വര്‍ഷം തികയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, ലഹരി ഇടപാട് തുടങ്ങിയ കുറ്റങ്ങളിലാണ് ബിനീഷ് അകത്തായത്. ബംഗളൂരു മയക്കു മരുന്ന് കേസില്‍ കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് അറസ്റ്റിലായതോടെ തുടങ്ങിയതാണ് ബിനീഷ് കോടിയേരിയുടെ കഷ്ടകാലം.

2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി. അനിഖ എന്നിവരെ ലഹരിക്കേസില്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തതാണ് തുടക്കം. അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായ നികുതി നല്‍കാതെയുള്ള ഇടപാടുകളെക്കുറിച്ച് സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ഉയര്‍ന്നു വരികയും ചെയ്തതോടെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തു. അനൂപുമായി പരിചയമുണ്ടെന്നും ബംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി പണം വായ്പ നല്‍കിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നല്‍കിയെങ്കിലും അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തു.

അതിനിടെ, ചില ലഹരി പാര്‍ട്ടികളില്‍ അനൂപിനൊപ്പം ബിനീഷും പങ്കെടുത്തിട്ടുണ്ടെന്നു സാക്ഷികള്‍ മൊഴി നല്‍കി. ഇതോട് ബിനീഷിന് കുരുക്കു മുറുകുകയായിരുന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന റെയ്ഡില്‍ അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തു. കാര്‍ഡിനു പിന്നില്‍ ബിനീഷിന്റെ ഒപ്പായിരുന്നെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചു. അനൂപ് ബിനീഷിന്റെ ബെനാമിയാണെന്നും ബിനീഷ് ഡയറക്ടറായ ബി ക്യാപിറ്റല്‍ ഫോറെക്സ് ട്രേഡിങ്, ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ കടലാസ് കമ്പനികളാണെന്നുമാണ് ഇഡിയുടെ വാദം. അതേസമയം, ബിസിനസ്, സിനിമ എന്നിവയില്‍നിന്നുള്ള വരുമാനമാണ് അക്കൗണ്ടിലുള്ളതെന്ന് ബിനീഷ് വാദിക്കുന്നു.

14 ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിനു ശേഷം നവംബര്‍ 11 മുതല്‍ ബംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് ബിനീഷ്. അനൂപും റിജേഷും ഇതേ ജയിലിലുണ്ട്. ജാമ്യഹര്‍ജി ഡിസംബറിലും ഈ ഫെബ്രുവരിയിലും വിചാരണക്കോടതി തള്ളിയതിനെ തുടര്‍ന്ന് ബിനീഷ് ഏപ്രിലില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏഴു മാസത്തിനിടെ മൂന്നു ബെഞ്ചുകള്‍ വാദം കേട്ടെങ്കിലും തീരുമാനമായില്ല. ഒടുവില്‍ നടന്ന വാദം ഈ മാസം ഏഴിനു പൂര്‍ത്തിയായി. ജഡ്ജി ബെഞ്ച് മാറിപ്പോയതിനാല്‍ ദീപാവലിക്കു ശേഷമേ വിധി പ്രഖ്യാപനമുണ്ടാകൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button