ഇന്ന് കാന്‍സര്‍ ദിനം, തടയാം ഗര്‍ഭാശയ കാന്‍സറിനെ

കൊച്ചി: സ്തനാര്‍ബുദം പോലെ സ്ത്രീകളില്‍ വ്യാപകമായി കണ്ടുവരുന്ന അര്‍ബുദത്തില്‍ രണ്ടാം സ്ഥാനത്താണ് ഗര്‍ഭാശയഗള കാന്‍സര്‍. ഇക്കുറി ലോക കാന്‍സര്‍ ദിനത്തില്‍ സ്ത്രീകളിലെ കാന്‍സര്‍ രോഗമാണ് പ്രധാന വിഷയം. ഏതു സ്ത്രീക്കും അര്‍ബുദരോഗം വരാന്‍ സാദ്ധ്യതയുണ്ട്. പ്രായമേറുന്തോറും അര്‍ബുദസാദ്ധ്യതയും വര്‍ദ്ധിക്കും. ഗര്‍ഭാശയഗള കാന്‍സറിനെ കുറിച്ചുള്ള അവബോധം രോഗപ്രതിരോധത്തിനും നേരത്തെ കണ്ടുപിടിക്കുന്നതിനും സഹായകമാകുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.
2018 ല്‍ ഇന്ത്യയില്‍ 97,000 സ്ത്രീകള്‍ക്ക് ഗര്‍ഭാശയഗള കാന്‍സര്‍ അര്‍ബുദം കണ്ടെത്തി. ലോകത്തിലെ ഗര്‍ഭാശയഗള കാന്‍സര്‍ രോഗികളുടെ 20 ശതമാനം ഇന്ത്യയിലാണ്. പ്രതിവര്‍ഷം 60,000 സ്ത്രീകള്‍ രോഗം മൂലം മരിക്കുന്നു.
ഗര്‍ഭാശയഗള കാന്‍സര്‍ ( സര്‍വിക്കല്‍ കാന്‍സര്‍)
ഗര്‍ഭാശയത്തിന്റെ ഏറ്റവും താഴത്തെ ഇടുങ്ങിയ ഭാഗമാണ് ഗര്‍ഭാശയഗളം. പലതരത്തിലുള്ള കോശങ്ങള്‍ ഈ ഭാഗത്തുണ്ട്. 85 ശതമാനം ഗര്‍ഭാശയഗള കാന്‍സറുകളും ഇവിടെയാണ് ബാധിക്കുന്നത്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് പ്രധാന കാരണം. ലൈംഗിക ശുചിത്വമില്ലായ്മ, ചെറുപ്പത്തിലെ തുടങ്ങുന്ന ലൈംഗികബന്ധം, പുകവലി, തുടരെയുള്ള പ്രസവങ്ങള്‍, കൂടുതല്‍ പേരുമായി ലൈംഗികബന്ധം, എച്ച്.ഐ.വി അണുബാധ തുടങ്ങിയ ഘടകങ്ങള്‍ സര്‍വിക്കല്‍ കാന്‍സറിന് സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
ലക്ഷണങ്ങള്‍
ലൈംഗിക ബന്ധത്തിനുശേഷം രക്തസ്രാവം
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ വേദന
പീരിയഡുകള്‍ക്കിടയില്‍ രക്തസ്രാവം
അമിത ദ്രവസ്രവങ്ങള്‍
അരക്കെട്ടില്‍ വേദന, ശരീരക്ഷീണം, വിളര്‍ച്ച
ഭയപ്പെടേണ്ട, പരിശോധിക്കണം
ഒട്ടും ഭയക്കേണ്ട ആവശ്യമില്ല. രോഗം വരുവാനുള്ള സാദ്ധ്യതകളില്‍ നിന്നും മാറിനില്‍ക്കുക. രോഗപ്രതിരോധത്തിനുള്ള വാക്‌സിനേഷന്‍ എടുക്കുക. നേരത്തെ കണ്ടുപിടിക്കാന്‍ പരിശോധനകള്‍, രോഗം വന്നാല്‍ കൃത്യമായ ശാസ്ത്രീയചികിത്സ കൃത്യസമയത്ത് എടുക്കുക തുടങ്ങിയവ പിന്തുടര്‍ന്നാല്‍ രോഗം സ്ത്രീകളുടെ ആരോഗ്യത്തിന് ഭീഷണിയാകില്ല.