വാഹനമിടിച്ച് ഗര്‍ഭിണിയായ പൂച്ച ചത്തു, സിസേറിയന്‍ ചെയ്ത് കുഞ്ഞുങ്ങളെ രക്ഷപെടുത്തിയ ഹരിദാസിന് കൈയ്യടി

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാം പരത്തിയില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. മതിലകം തൃപ്പേക്കുളം സ്വദേശിയായ ഹരിദാസ് ആണ് നാല് പൂച്ച കുഞ്ഞുങ്ങളെ രക്ഷപെടുത്തിയത്. ദേശീയപാതയില്‍ വാഹനമിടിച്ച് ചത്ത ഗര്‍ഭിണിയായ പൂച്ചയുടെ വയറ്റിലുള്ള കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു യുവാവ്.
പാമ്പ് പിടുത്തക്കാരനാണ് ഹരിദാസ്. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് നിന്നും പാമ്പിനെ പിടികൂടി വീട്ടിലേക്ക് വരുന്നവഴിയാണ് വാഹനമിടിച്ച് നടുറോഡില്‍ കിടക്കുന്ന പൂച്ചയെ കാണുന്നത്. ഇനിയും വാഹനങ്ങള്‍ ദേഹത്ത് കൂടി കയറി ഇറങ്ങണ്ടല്ലോ എന്ന് കരുതി പൂച്ചയെ റോഡരികിലേക്ക് മാറ്റി കിടത്താമെന്ന് കരുതിയാണ് ഹരിദാസ് പൂച്ചയെ എടുത്തത്. എന്നാല്‍ പൂച്ചയെ എടുത്തപ്പോഴാണ് ഗര്‍ഭിണിയാണോയെന്നു സംശയം തോന്നിയത്. ഉടന്‍ തന്നെ തൊട്ടടുത്ത കടയില്‍ നിന്നും ബ്ലേഡ് വാങ്ങി പൂച്ചയുടെ വയര്‍ കീറി കുഞ്ഞുങ്ങളെ പുറത്തെടുത്തു.
കുഞ്ഞുങ്ങളെ ഹരിദാസ് വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അര മണിക്കൂര്‍ ഇടവിട്ട് ലാക്ടോജന്‍ കലക്കി സിറിഞ്ചില്‍ നിറച്ച് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഹരിദാസിന്റെ നന്മ നിറഞ്ഞ മനസിന് സോഷ്യല്‍ മീഡിയ കൈയ്യടി നല്‍കുകയാണ്.