CrimeKerala NewsLatest NewsUncategorized

ഓപ്പറേഷൻ പി-ഹണ്ട് പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ; കണ്ണൂരിൽ മാത്രം 25 പേർ: പിടിയിലായവരിൽ വിദ്യാർത്ഥികളും

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നവരെ കണ്ടെത്താൻ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ പി-ഹണ്ട് പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ. കണ്ണൂർ, മലപ്പുറം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലായി ഒട്ടേറേ കേസുകളും രജിസ്റ്റർ ചെയ്തു. നിരവധി മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂരിൽ മാത്രം 25 പേർക്കെതിരേയാണ് കേസെടുത്തത്. പയ്യന്നൂർ, പരിയാരം, കണ്ണൂർ ടൗൺ തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നിലേറെ കേസുകളെത്തിട്ടുണ്ട്. തളിപ്പറമ്പ്, ധർമടം, പാനൂർ, കൊളവല്ലൂർ, വളപട്ടണം, കുടിയാൻമല, പിണറായി, ചക്കരക്കല്ല്, മയ്യിൽ, എടക്കാട്, പേരാവൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ ഓരോ കേസ് വീതെമെടുത്തു.

മലപ്പുറത്ത് കുട്ടികളുടെ അശ്ലീലവീഡിയോ ഡൗൺലോഡുചെയ്ത് മൊബൈൽഫോണിൽ സൂക്ഷിച്ച യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. മമ്പുറം, സ്വദേശി തൊണ്ടിക്കോടൻ മുഹമ്മദ് ഫവാസ് (22) ആണ് അറസ്റ്റിലായത്. നിലമ്പൂർ പശ്ചിമ ബംഗാൾ സ്വദേശിയും പൊലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ നാദിയ ജില്ലയിലെ എസ്.കെ. രാഹുലിനെയാണ് നിലമ്പൂർ സി.ഐ. എം.എസ്. ഫൈസൽ അറസ്റ്റുചെയ്തത്.

താമരശ്ശേരിയിൽ നിർമാണത്തൊഴിൽ നടത്തിവന്നിരുന്ന ഇയാൾ 10 ദിവസം മുൻപാണ് നിലമ്പൂരിലെ മുക്കട്ടയിൽ താമസമാക്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ വലയിലാക്കുന്നത്. തൃശൂർ ചാവക്കാട് മേഖലയിൽ കടപ്പുറം അഞ്ചങ്ങാടി, പുത്തൻകടപ്പുറം, ഇരട്ടപ്പുഴ മേഖലകളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ മൂന്ന് ഫോണുകൾ പോലീസ് പിടിച്ചെടുത്തു.

കൊരട്ടിയിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഇന്റർനെറ്റിൽ കണ്ട യുവാവിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി. രണ്ട് ഫോണുകൾ വിശദപരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി. വിദ്യാർഥിയായ യുവാവ് മൊബൈൽഫോൺ വഴി അശ്ലീല വെബ്‌സൈറ്റിൽ ദൃശ്യങ്ങൾ പതിവായി കണ്ടതായും ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചതായും പരിശോധനയിൽ കണ്ടെത്തി.

ഇടുക്കിയിൽ രണ്ടു പേർക്കെതിരേ പോലീസ് കേസെടുത്തു. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് കോടതിക്ക് കൈമാറി. കഴിഞ്ഞ കുറേ നാളുകളായി സൈബർ സെൽ ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു.

പിടിച്ചെടുത്ത ഇവരുടെ മൊബൈലുകൾ കൂടുതൽ പരിശോധനകൾക്കായി അയയ്ക്കും. ഇവർ നിരോധിത സൈറ്റുകളിൽനിന്നു കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ പോക്‌സോ കേസ് കൂടി ചാർജ് ചെയ്യുമെന്ന് ഇടുക്കി പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button