BusinessLatest NewsNationalNewsSampadyam

സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപം നടത്താം: റീട്ടെയ്ല്‍ ഡയറക്ട് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപം നടത്താനായി റിസര്‍വ് ബാങ്ക് രൂപകല്‍പന ചെയ്ത പ്ലാറ്റ്ഫോം റീട്ടെയ്ല്‍ ഡയറക്ട് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. പുതിയ പ്ലാറ്റ്‌ഫോംവഴി ഓണ്‍ലൈനായി ആര്‍ബിഐയില്‍നിന്ന് ബോണ്ടുകള്‍ നേരിട്ട് വാങ്ങാനും വില്‍ക്കാനും കഴിയും. ഇതോടെ സര്‍ക്കാര്‍ ബോണ്ടുകളുടെ വിപണിയില്‍ റീട്ടെയ്ല്‍ പങ്കാളിത്തം ഉയരും.

സര്‍ക്കാര്‍ പുറത്തിറക്കുന്ന ട്രഷറി ബില്‍, ഗവ. ഓഫ് ഇന്ത്യ സെക്യൂരിറ്റീസ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, സ്റ്റേറ്റ് ഡെവലപ്മന്റ് ലോണ്‍, സര്‍ക്കാര്‍ ബോണ്ട് തുടങ്ങിയവയില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതോടെ സാധാരണക്കാര്‍ക്കും ലഭിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണസമാഹരണത്തിനായി പുറത്തിറക്കുന്നതാണ് സര്‍ക്കാര്‍ ബോണ്ടുകള്‍. ഹ്രസ്വകാലയളവിലുള്ളവ ട്രഷറി ബില്ലുകളെന്നും ഒരുവര്‍ഷത്തിന് മുകളിലുള്ളവ ഗവണ്‍മെന്റ് ബോണ്ടുകളെന്നുമാണ് അറിയപ്പെടുന്നത്.

91 ദിവസം മുതല്‍ 40 വര്‍ഷംവരെ കാലാവധിയുള്ള ബോണ്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. നിലവില്‍ 10 വര്‍ഷക്കാലാവധിയുള്ള ബോണ്ടിന്റെ ആദായം 6.5 ശതമാനവും മൂന്നുവര്‍ഷക്കാലാവധിയുള്ള ബോണ്ടിന്റെ ആദായം 5.1 ശതമാനവുമാണ്. സര്‍ക്കാര്‍ പുറത്തിറക്കുന്ന ബോണ്ടുകളായതിനാല്‍ നിക്ഷേപം സുരക്ഷിതമായിരിക്കും. ഓഹരികളിലെ നിക്ഷേപത്തെപോലെ നഷ്ടസാധ്യതയുണ്ടാവില്ല. സ്ഥിര വരുമാന പദ്ധതികളില്‍ ഏറ്റവും സുരക്ഷിതത്വമുള്ളതാണ് സര്‍ക്കാര്‍ ബോണ്ടുകളിലെ നിക്ഷേപം. ആദായം ഉറപ്പായും ലഭിക്കും.

അതേസമയം, പണപ്പെരുപ്പ നിരക്കിലെ ഏറ്റക്കുറച്ചിലനുസരിച്ച് ബോണ്ടുകളിലെ ആദായത്തിലും വ്യത്യാസമുണ്ടാകും. ദ്വീതീയ വിപണിവഴി എപ്പോള്‍വേണമെങ്കിലും ഇടപാട് നടത്താമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ബോണ്ടുകള്‍ ചെറിയതോതില്‍ വില്‍പന എളുപ്പമാവില്ല. റീട്ടെയില്‍ പങ്കാളിത്തം വര്‍ധിക്കുമ്പോള്‍ ഭാവിയില്‍ മാറ്റം വന്നേക്കാം. സ്ഥിര നിക്ഷേപം, കോര്‍പറേറ്റ് ബോണ്ട് എന്നിവയേക്കാള്‍ നികുതി ആനുകൂല്യം സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായത്തിന് ലഭിക്കും. ഒരുവര്‍ഷം കൈവശം വച്ചശേഷം വില്‍ക്കുകയാണെങ്കില്‍ പണപ്പെരുപ്പ നിരക്ക് കിഴിവ് ചെയ്ത ശേഷമുള്ള (ഇന്‍ഡക്സേഷന്‍ ബെനഫിറ്റ്) തുകയ്ക്ക് ആദായനികുതി നല്‍കിയാല്‍ മതിയാകും.

ഒരു വര്‍ഷത്തില്‍ താഴെക്കാലം കൈവശം വച്ചശേഷം വില്‍ക്കുകയാണെങ്കില്‍ ഒരോരുത്തരുടെയും ബാധകമായ സ്ലാബിനനുസരിച്ചാണ് നികുതി നല്‍കേണ്ടത്. കെവൈസി നടപടിക്രമം പാലിച്ചശേഷം റീട്ടെയ്ല്‍ ഡയറക്ട് ഗില്‍റ്റ് അക്കൗണ്ട് തുടങ്ങാം. ഓണ്‍ലൈനായി അതിന് സൗകര്യമുണ്ടാകും. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 10 മുതല്‍ 3.30വരെയാണ് ഇടപാടുകള്‍ നടത്താനാകുക. ബാങ്കില്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങുന്നതുപോലെ വ്യക്തികള്‍ക്ക് ഒറ്റക്കോ കൂട്ടായോ അക്കൗണ്ട് ആരംഭിക്കാം. പാന്‍, കെവൈസി രേഖകള്‍, ഇ- മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ ആവശ്യമാണ്. എന്‍ആര്‍ഐക്കാര്‍ക്കും നിക്ഷേപം നടത്താം.

മെച്ചൂരിറ്റി കാലാവധി പൂര്‍ത്തിയാക്കിയാല്‍ കൂപ്പണ്‍ നിരക്ക് അല്ലെങ്കില്‍ നിശ്ചിത പലിശ നിരക്കിനോടൊപ്പം നിക്ഷേപതുക തിരിച്ചുകിട്ടും. കാലാവധിയെത്തും മുമ്പ് എക്‌സ്‌ചേഞ്ച് വഴി വിറ്റ് പണം തിരിച്ചെടുക്കാനും സാധിക്കും. എക്‌സ്‌ചേഞ്ചിലെ ഇടപാടില്‍ മൂല്യത്തില്‍ വ്യതിയാനം ഉണ്ടാകുമെങ്കിലും മൂലധനം സുരക്ഷിതമായിരിക്കും. തരക്കേടില്ലാത്ത ആദായവും ലഭിക്കും. മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയാണ് ചെറുകിട നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button