CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNews

ചുമക്കുമ്പോൾ ചങ്ക് പറിച്ചെടുക്കുന്ന വേദന, കൊവിഡ് കാലത്തെ തീവ്രാനുഭവങ്ങൾ പങ്കുവെച്ച്‌ എം എ ബേബി

കൊവിഡ് 19 ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ കടന്നുപോയ അനുഭവങ്ങൾ പങ്കുവെച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ജനനമരണങ്ങൾക്കും ആരോഗ്യവീണ്ടെടുപ്പിനും താൻ സാക്ഷിയായെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ആശുപത്രികളിൽ ജനനമരണങ്ങളും, അതിനിടയിലുള്ള ആരോഗ്യ വീണ്ടെടുപ്പുമാണ് നിരന്തരം സംഭവിക്കുന്നതെന്ന് നമുക്കറിയാം. തീവ്രപരിചരണ സ്ഥലത്ത് ഇത് മൂന്നിനും സാക്ഷിയാകാനുള്ള അസാധാരണ സാഹചര്യം എനിക്കുണ്ടായി.ഒരുദിവസം പെട്ടെന്ന് ഡോക്ടർമാരുടെയും നഴ്സുമാരുടെയും വലിയൊരു സംഘം ഒരുമിച്ച് ട്രോമാ ഐസിയുവിൽ കടന്നുവന്നു.

ജനനമരണങ്ങളും അവയ്‌ക്കിടയിലെ ആരോഗ്യ വീണ്ടെടുപ്പുകൾക്കുമുള്ള ഇടമാണ്‌ ആശുപത്രികൾ. കോവിഡ്‌ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കഴിയവെ കൈയെത്തും ദൂരത്ത്‌ സംഭവിച്ച ജനനത്തിനും മരണങ്ങൾക്കും സാക്ഷിയായതിനെക്കുറിച്ചും രോഗാവസ്‌ഥയിലെ വിചിത്രാനുഭവങ്ങളെക്കുറിച്ചും.
കോവിഡ്‌‐19 എന്ന അദൃശ്യ കൊറോണ വൈറസ്‌ കുറച്ചൊന്നുമല്ല ലോകത്തെ മാറ്റിമറിച്ചത്‌. മറ്റുള്ളവരെ ബാധിക്കുമ്പോൾ ആശങ്കയുണർത്തുന്ന വാർത്ത. നമ്മെയും ബാധിക്കുമോ എന്ന ഉൽക്കണ്‌ഠ‌. എനിക്കാകട്ടെ ഇപ്പോഴത്‌ പിടികൂടി കടന്നുപോയ ഒരനുഭവം‌. അദൃശ്യ വൈറസിനെ നേരിടുന്നവർക്ക്‌ പ്രയോജനപ്പെടുമെന്ന്‌ തോന്നുന്ന ചില കാര്യങ്ങളും ഒപ്പം ചില അതിവിചിത്രാനുഭവങ്ങളും ഇവിടെ കുറിക്കുന്നു.
ഫലപ്രദമായ മരുന്നോ പ്രതിരോധ കുത്തിവയ്‌പ്പോ ഇപ്പോൾ ഇതിനില്ല. അതന്വേഷിച്ചുകൊണ്ടുള്ള പരീക്ഷണങ്ങൾ ശാസ്‌ത്രജ്ഞർ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും നടത്തിവരികയാണെന്നതിനാൽ വൈറസ്‌ ബാധയേൽക്കാതെ നോക്കലാണ്‌ പ്രധാനം. പലരും പ്രാർഥനയെക്കാൾ ഫലപ്രദം ശാസ്‌ത്രീയ ചികിത്സയാണെന്ന്‌ മനസ്സിലാക്കിവരുന്നു. ഒരിക്കൽ വന്നാൽ പ്രതിരോധശേഷി ലഭിക്കുമെന്നത്‌ പൂർണമായും സംശയരഹിതമായും തെളിയിക്കപ്പെട്ടിട്ടില്ല.
അഞ്ചുകോടിയിലേറെപ്പേർ മരിക്കാനിടയായ സ്‌പാനിഷ്‌ ഫ്ലൂ പോലെയോ അതിലും ഭീകരമായോ ഒരു നൂറ്റാണ്ടിനിപ്പുറം നമ്മെ വരിഞ്ഞുമുറുക്കുന്ന കൊറോണ, എത്ര മാസങ്ങൾ ഇനി നീണ്ടുനിൽക്കുമെന്ന്‌ പറയാനാകുന്നില്ല. ഇത്‌ ഏറ്റവും വലിയ മരണമഹാമാരിയാകുമോ എന്ന ഭയം തീവ്രമാണ്‌. എന്നാൽ, അന്നത്തേക്കാൾ ശാസ്‌ത്രം എത്രയോ പുരോഗമിച്ചു എന്നതിലാണ്‌ നമ്മുടെ ശുഭപ്രതീക്ഷ.
കോവിഡ്‌‐19 ബാധിച്ച അനുഭവം പരിശോധിക്കുമ്പോൾ ഏറ്റവും പ്രധാനകാര്യം എന്താണ്‌? അതീവ കരുതൽ പുലർത്തിപ്പോരുന്നു എന്ന്‌ ന്യായമായും വിശ്വസിക്കുകയും അവകാശപ്പെടുകയും ചെയ്‌തവരാണ്‌ ഞങ്ങൾ. എന്നിട്ടും പ്രതിരോധം ഭേദിച്ച്‌ അദൃശ്യ വൈറസുകൾ ഞങ്ങളെ പിടികൂടി. എന്നുവച്ചാൽ കരുതലിനിടയിൽ എവിടെയോ പിഴവ്‌ പറ്റിയെന്നർഥം.
ഏറ്റവും മൂത്ത ജ്യേഷ്‌ഠൻ, തങ്കച്ചൻ ചേട്ടനെന്ന്‌ വിളിപ്പേരുള്ള എം എ ജോർജിന്റെ പരിചരണത്തിന്‌ (അദ്ദേഹം പാർക്കിൻസൺ രോഗിയും ഇടുപ്പെല്ല് പൊട്ടി ഓപ്പറേഷൻ കഴിഞ്ഞതുമൂലം ഏതാനും ആഴ്‌ചകളായി കിടപ്പിലുമാണ്‌) ഞങ്ങളെ സഹായിക്കുന്ന സ. പ്രമോദാകാം ഉറവിടം. ബെറ്റിക്കും എനിക്കും എ കെ ജി സെന്ററിലെ സ. രാജനും പിന്നീട്‌ തങ്കച്ചൻചേട്ടനും നേരിട്ടോ, ഞങ്ങൾ ആരെങ്കിലും വഴിയോ വൈറസ്‌ കൈമാറിയിട്ടുണ്ടാകാം. ജൂലൈ‌ 26ന്‌ രാവിലെ വീട്ടിൽ വന്ന്‌ തിരിച്ചുപോയ പ്രമോദ്‌ താൻ കോവിഡ്‌ ബാധിതനാണെന്ന്‌ അന്നുതന്നെ വിളിച്ചറിയിച്ചു. അതോടെ എല്ലാ ദിവസവും രാവിലെ പാർടി ഓഫീസിൽ പോയിരുന്ന ഞാൻ ക്വാറന്റൈ‌നിലായി. വീടിന്റെ വാതിലിൽ ജില്ലാ ഭരണസംവിധാനം ക്വാറന്റൈ‌നാണെന്ന അറിയിപ്പ്‌ പതിച്ചു. സ. എസ്‌ ആർ പിയുമായി സംസാരിച്ചപ്പോൾ, മരുമകൻ ഡോ. ഹരിയുമായി ചർച്ചചെയ്‌ത്‌ ജൂലൈ 31ന്‌ സ്രവപരിശോധന നടത്തുന്നതാണ്‌ ഉചിതമെന്ന്‌ നിശ്ചയിച്ചു. കെജിഒഎ നേതാവ്‌ ഡോ. ശ്രീകുമാർ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി കോവിഡ്‌ രോഗികൾക്ക്‌ മാത്രമായി മാറ്റിവച്ചിരിക്കുകയാണെന്നതിനാൽ 31ന്‌ രാവിലെ തന്നെ രാജനും ബെറ്റിയും ഞാനും അവിടെയെത്തി പരിശോധനയ്‌ക്ക്‌ സ്രവം നൽകി. ഫലം വന്നപ്പോൾ ബെറ്റിയെ ചികിത്സാകേന്ദ്രത്തിലേക്ക്‌ ഉടൻതന്നെ മാറ്റണമെന്ന നിർദേശമാണ്‌ ലഭിച്ചത്‌. തുടർന്നുള്ള പരിശോധനയിൽ ആഗസ്‌ത്‌ ഏഴിന്‌ എനിക്ക്‌, പിന്നീട്‌ തങ്കച്ചൻ ചേട്ടന്‌, അതിനുശേഷം രാജനും കോവിഡ്‌ സ്ഥിരീകരിക്കപ്പെട്ടു‌.
രോഗം വ്യത്യസ്‌ത തീവ്രതയിലും സ്വഭാവത്തിലും അനുഭവപ്പെടാമെന്നത്‌ ഞങ്ങളുടെ കാര്യത്തിൽ പ്രകടമായി. തങ്കച്ചൻ ചേട്ടൻ, സഖാക്കൾ പ്രമോദ്‌,രാജൻ എന്നിവർക്ക്‌ വൈറസ്‌ ആഘാതം ഒരാഴ്‌ചകൊണ്ടുതന്നെ ഭേദമായി. അതികഠിനമായ രോഗലക്ഷണങ്ങൾ അവരെ ശല്യപ്പെടുത്തിയില്ല. ബെറ്റിയുടെയും എന്റെയും സ്ഥിതി വ്യത്യസ്‌തമായിരുന്നു. കോവിഡ്‌ ബാധ ബ്രോങ്കോ ന്യുമോണിയ എന്ന നിലയിലാണ്‌ ഞങ്ങളെ രണ്ടുപേരെയും കഷ്ടപ്പെടുത്തിയത്‌. അത്‌ അസഹനീയമാണ്‌.
എന്നെ രണ്ട്‌ ഘട്ടങ്ങളിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റേണ്ടിവന്നു. രക്തത്തിലെ ഓക്‌സിജൻ സാച്ചുറേഷനിലെ വ്യതിയാനങ്ങളും പൊട്ടാസ്യം തോത്‌ ഉയർന്നതും ആരോഗ്യനില വഷളാക്കി. ചുമയ്‌ക്കുമ്പോൾ ചങ്ക്‌ പറിച്ചെടുക്കുന്ന വേദന. സിടി സ്‌കാൻ എടുക്കാനായി ശ്വാസം പിടിച്ചുനിർത്തണമെന്ന നിർദേശം പാലിക്കാൻ കഴിയുന്നില്ല എന്ന അവശതയാണ്‌ സ്ഥിതി കുറച്ച്‌ അപകടമാണെന്ന തിരിച്ചറിവ്‌ മിന്നൽപോലെ അനുഭവപ്പെടുത്തിയത്‌.
തിരിച്ച്‌ തീവ്രപരിചരണ സ്ഥലത്ത്‌ കൊണ്ടുവന്ന്‌ കിടത്തി. ഓക്‌സിജൻ കുഴലും മറ്റും ഘടിപ്പിച്ചപ്പോൾ ഒരു പ്രത്യേക മനോനില ബോധത്തിന്റെ വ്യത്യസ്‌ത തലങ്ങളെ സ്‌പർശിച്ചു. എന്തും സംഭവിച്ചേക്കാം. എന്നാൽ, സാധ്യമായത്ര മികവുറ്റ പരിചരണത്തിലൂടെ മരണനിരക്ക്‌ ഏറ്റവും കുറഞ്ഞതോതിൽ പിടിച്ചുനിർത്തിയ കേരളത്തിലെ മെഡിക്കൽ കോളേജിലാണ്‌ ഞാൻ എന്ന ആശ്വാസവും പ്രതീക്ഷയും സമാന്തരമായി മനസ്സിലേക്ക്‌ കടന്നുവന്ന്‌ കരുത്തുപകർന്നു. ഐസിയുവിൽ രാത്രിയും പകലുമെന്ന ഭേദമില്ല. പരിശോധനകൾക്ക്‌ തുടർച്ചയായി രക്തം കുത്തിയെടുക്കുന്ന അനുഭവവും ഭക്ഷണത്തിന്‌ രുചിയില്ലെന്നതും അറിയാതെ കടന്നുവരുന്ന ഉറക്കവുമായി ട്രോമാ ഐസിയുവിൽ രണ്ട്‌ ഘട്ടങ്ങളായി 12 ദിവസം കിടന്ന മണിക്കൂറുകൾ നേരിട്ട്‌ അനുഭവിച്ചാൽ മാത്രം ലഭിക്കുന്ന ഒട്ടേറെ പാഠങ്ങൾ പകർന്നു. ബെറ്റി ജൂലൈ 31ന്‌ പ്രഥമ ചികിത്സാകേന്ദ്രത്തിലും ആഗസ്‌ത്‌ രണ്ടിന്‌ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കപ്പെട്ടു. ആകെ 25 ദിവസം ആശുപത്രിയിലായിരുന്നു. ഞാൻ ആഗസ്‌ത്‌ 7 മുതൽ 24 വരെ 18 ദിവസമാണ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ‐ അതിലേറെയും തീവ്രപരിചരണ വിഭാഗത്തിൽ ‐ ചികിത്സിക്കപ്പെട്ടത്‌.
ഡോക്ടർമാർ, നേഴ്‌സുമാർ, ശുചീകരണ ജോലിക്കാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയരുടെ നിസ്വാർഥതയും ധീരതയും മനുഷ്യത്വവും നേരിട്ടനുഭവിച്ച ദിനങ്ങൾ. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മറ്റും വിളിച്ചന്വേഷിക്കുന്ന രോഗികൾ എന്ന പ്രത്യേക പരിഗണന അല്ല; ഏതുരോഗിയോടും സ്വന്തം ബന്ധുവിനോടെന്ന വിധമുള്ള പെരുമാറ്റമായിരുന്നു ഡോക്ടർമാരിൽനിന്നും ആരോഗ്യപ്രവർത്തകരിൽനിന്നാകെയും കണ്ടത്‌.
ആശുപത്രികളിൽ ജനനമരണങ്ങളും, അതിനിടയിലുള്ള ആരോഗ്യ വീണ്ടെടുപ്പുമാണ്‌ നിരന്തരം സംഭവിക്കുന്നത്‌ എന്ന്‌ നമുക്കറിയാം. തീവ്രപരിചരണ സ്ഥലത്ത്‌ ‌ ഇത്‌ മൂന്നിനും സാക്ഷിയാകാനുള്ള അസാധാരണ സാഹചര്യം എനിക്കുണ്ടായി.
ഒരുദിവസം പെട്ടെന്ന്‌ ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും വലിയൊരു സംഘം ഒരുമിച്ച്‌ ട്രോമാ ഐസിയുവിൽ കടന്നുവന്നു. രണ്ട്‌ കിടക്കകൾക്കപ്പുറം ദയനീയമായി വിലപിച്ചുകൊണ്ട്‌ കിടന്നിരുന്ന സ്‌ത്രീയുടെ കട്ടിലിനുചുറ്റും തുണിവിരികൾകൊണ്ട്‌ താൽക്കാലിക മറയൊരുക്കി. കുറേനേരം വേദനയുടെ ശബ്‌ദങ്ങളും ഡോക്ടർമാരും സഹായികളും തമ്മിലുള്ള സംഭാഷണങ്ങളുടെ ചെറിയ ഒച്ചയും. പിന്നീട്‌ ശാന്തത. നേഴ്‌സുമാരാണ്‌ കുറെനേരം കഴിഞ്ഞ്‌ സംഭവം വെളിപ്പെടുത്തിയത്‌. ആറരമാസം ഗർഭിണിയായിരുന്ന കോവിഡ്‌ രോഗി മരണപ്പെട്ടേക്കാമെന്ന ഘട്ടത്തിൽ സാഹസികമായി സിസേറിയൻ നടത്തുകയായിരുന്നു. അമ്മയെ വിസ്‌മയകരമായി രക്ഷിക്കാനായി. വളർച്ചയെത്താത്ത ശിശുവിനെ ജീവനോടെ പുറത്തെടുത്ത്‌ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ, മണിക്കൂറുകൾ മാത്രമേ ജീവിച്ചിരുന്നുള്ളൂ. ആരോഗ്യ പ്രവർത്തകരല്ലാത്ത പുരുഷന്മാർക്ക്‌ പ്രവേശനമില്ലാത്ത പ്രസവമുറിയിൽ സിസേറിയൻ നടന്നപ്പോൾ അടുത്തുള്ള കിടക്കയിൽ ഭാഗിക സാക്ഷിയായി ഉണ്ടായിരിക്കാനുള്ള അസാധാരണ സാഹചര്യം.
ട്രോമ ഐസിയുവിൽ മൂന്ന്‌ സഹരോഗികൾ മരണമടഞ്ഞ അത്യന്തം ദുഃഖകരമായ സ്ഥിതിക്കും സാക്ഷിയായി. രക്ഷപ്പെടുത്താൻ നടത്തിയ കഠിനശ്രമങ്ങൾ വിജയിക്കാതെപോയ നിസ്സഹായാവസ്ഥ. കോവിഡ്‌ പ്രോട്ടോക്കോൾ പ്രകാരം ബന്ധുക്കളുമായി ആലോചിച്ച്‌, സംസ്‌കരിക്കാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുവേണം മൃതദേഹം ആശുപത്രിയിൽനിന്ന്‌ ആംബുലൻസിൽ പുറത്തെത്തിക്കാൻ. അതുവരെ മോർച്ചറിയിലേക്കും ‌ മാറ്റാനാകില്ല. കാരണം അവിടെ കോവിഡ്‌ ബാധിക്കാതെ മരിച്ചവരുടെ മൃതശരീരങ്ങളാണല്ലോ ഉള്ളത്‌. ഈ സാഹചര്യത്തിൽ കോവിഡ്‌ പ്രോട്ടോക്കോൾ പ്രകാരം ഭദ്രമായി പൊതിഞ്ഞുകെട്ടിയ മൂന്ന്‌ മൃതശരീരങ്ങൾ ഏതാനും മണിക്കൂറുകൾ ഞങ്ങളുടെ ട്രോമാ ഐസിയുവിൽത്തന്നെ രണ്ട്‌ കിടക്കകൾക്കപ്പുറം സൂക്ഷിച്ചിരിക്കുകയായിരുന്നു. ഞാനുൾപ്പെടെ അവിടെയുണ്ടായിരുന്ന ഏതൊരാൾക്കും അതുപോലൊരു പൊതിക്കെട്ടാകാനുള്ള സാധ്യത അപ്പോൾ ഒരു ചിന്തയായി എന്റെ മനസ്സിലൂടെ പതിയെ അരിച്ചിറങ്ങി. താരാശങ്കർ ബന്ദോപാധ്യായുടെ ‘ആരോഗ്യ നികേതന’ത്തിലെ അപൂർവ ഭാവനയായ ‘പിംഗളകേശിനി’ ജീവിതത്തിൽ എപ്പോഴും കടന്നുവരാവുന്നതാണെന്ന യാഥാർഥ്യം മുഖാമുഖം കണ്ട നിമിഷം. ഒ വി വിജയനും മറ്റും ഗാഢമായി ചിന്തിച്ച്‌ ദുഃഖിച്ചതുപോലെ അമിതമായി വേവലാതിപ്പെടേണ്ടതൊന്നും മരണത്തിലില്ലെന്ന്‌ തിരിച്ചറിയാൻ കോവിഡ്‌‐19 നമുക്ക്‌ സഹായമൊരുക്കുകയാണെന്നും വിചാരിക്കാവുന്നതാണ്‌. എന്റെ കിടക്കയ്‌ക്ക്‌ സമീപമൊക്കെ വന്ന്‌ ചുറ്റിക്കറങ്ങി നമസ്‌കാരം പറഞ്ഞുപോയ കോവിഡ്‌ വൈറസിൽ ഒളിച്ചിരുന്ന മരണത്തെ തൽക്കാലം ഒരുപരിധിവരെ തോൽപ്പിക്കാനായി. കേരളത്തിന്റെ വിശ്രുത മാതൃകയായ ആരോഗ്യസംവിധാനവും അരോഗ്യപ്രവർത്തകരും അതിനെ കാത്തുസൂക്ഷിച്ച്‌ മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാർ നയവും ജാഗ്രതയും ഈ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകങ്ങളാണ്‌.
ഒരുപാടുപേർ നേരിട്ടും അല്ലാതെയും രോഗവിവരം അന്വേഷിച്ചു. കരുത്തുപകരുംവിധം ഒപ്പം മനസ്സുകൊണ്ട്‌ ചേർത്തുപിടിച്ചു. പാർടി സഖാക്കളും ഞാറ്റുവേലപോലുള്ള കൂട്ടായ്‌മകളും അടുത്തും അകലെയുമുള്ള സുഹൃത്തുക്കളും മെഡിക്കൽ കോളേജിന്‌ സമീപത്തെ നായനാർ പാലിയേറ്റീവ്‌ കെയർ സൊസൈറ്റിയും മറ്റും മറ്റും.
അവസാനമായി ഒരു പ്രധാന കാര്യം. വലിയൊരു കുറ്റസമ്മതമാണത്‌. അദൃശ്യ വൈറസ്‌ ബാധിക്കാതിരിക്കാൻ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച്‌ ആവർത്തിച്ച്‌ ഉപദേശിച്ചിട്ടുള്ള എനിക്ക്‌ ഇത്‌ വന്നപ്പോൾ, ഉപദേശം സ്വയം പാലിക്കുന്നതിൽ എവിടെയോ വീഴ്‌ചവരുത്തിയെന്ന തെറ്റ്‌ സമ്മതിച്ച്‌ ഏറ്റുപറയേണ്ടേ? വേണം. സംശയമില്ല. കോവിഡ്‌‐19 എന്ന അദൃശ്യ വൈറസ്‌ അതിന്റെ പെരുമാറ്റരീതികളും സ്വഭാവസവിശേഷതകളും മുഴുവൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ശാസ്‌ത്രലോകത്തിന്‌ അത്‌ പൂർണമായും ഇനിയും കണ്ടുപിടിക്കാനും ആയിട്ടില്ല; ഭാഗികമായി കുറെ കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും.
അതുകൊണ്ടുതന്നെ അതത്‌ സമയത്ത്‌ വൈദ്യശാസ്‌ത്രവിദഗ്‌ധർ നൽകുന്ന നിർദേശങ്ങളും അതിന്റെ അടിസ്ഥാനത്തിൽ ഭരണനേതൃത്വം കൈക്കൊള്ളുന്ന ശരിയും ശാസ്‌ത്രീയവുമായ തീരുമാനങ്ങളും ഉത്തരവാദിത്വബോധത്തോടെ പഴുതടച്ച്‌ പാലിക്കാൻ നാം ശ്രദ്ധചെലുത്തേണ്ടതുണ്ട്‌. ഓരോരുത്തരുടെയും കരുതലാണ്‌ നമ്മുടെയും അപരന്റെയും സുരക്ഷയുടെ ആധാരം. ഒരാളുടെ വീഴ്‌ചയും അശ്രദ്ധയും അനേകർക്ക്‌ ആപത്തും കൂട്ടമരണംതന്നെയുമാകാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button