പാകിസ്ഥാന്റേത് ബുദ്ധിശൂന്യമായ രാഷ്ട്രീയ അഭ്യാസം, ഇന്ത്യ
NewsNationalWorld

പാകിസ്ഥാന്റേത് ബുദ്ധിശൂന്യമായ രാഷ്ട്രീയ അഭ്യാസം, ഇന്ത്യ

ഇന്ത്യൻ ഭൂപ്രദേശങ്ങളായ ജമ്മുകശ്മീരും ഗുജറാത്തിലെ ജുനഗഡും ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിയ പാകിസ്ഥാന്റെ നടപടിക്ക് നിയമപരമായ സാധുതയോ അന്താരാഷ്ട്ര വിശ്വാസ്യതയോ ഇല്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ ശ്രമം യഥാര്‍ത്ഥത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്നതിന്റെ സ്ഥിരീകരണമാണെന്നും, പരിഹാസ്യമായ പാകിസ്താന്റെ വാദങ്ങള്‍ക്ക് കഴമ്പില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

‘ഇമ്രാന്‍ ഖാന്‍ പുറത്തിറക്കിയ പാകിസ്ഥാന്റെ പുതിയ രാഷ്ട്രീയ ഭൂപടം ഞങ്ങള്‍ കണ്ടു. ഇത് ബുദ്ധിശൂന്യമായ രാഷ്ട്രീയ അഭ്യാസമാണ്. ഗുജറാത്തിലേയും ജമ്മുകശ്മീരിലേയും ലഡാക്കിലേയും പ്രദേശങ്ങള്‍ക്ക് സമര്‍ഥിക്കാനാവാത്ത അവകാശവാദം ഉന്നയിക്കുന്നു. പരിഹാസ്യമായ ഈ വാദങ്ങള്‍ക്ക് നിയമപരമായ സാധുതയോ അന്താരാഷ്ട്ര വിശ്വാസ്യതയോ ഇല്ല. ഈ പുതിയ ശ്രമം വാസ്തവത്തില്‍, അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്നതിന്റെ യഥാർത്ഥ്യത്തെ സ്ഥിരീകരിക്കുന്നതാണ്’ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ഒരാണ്ട് തികയുന്ന വേളയിലാണ് പ്രകോപനവുമായി പാകിസ്ഥാൻ രംഗത്തെത്തിയിരിക്കുന്നത്. ഭൂപടത്തിന് പാക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കുക എന്ന ദീർഘകാല ലക്ഷ്യത്തിന്റെ ആദ്യ ചുവടുവയ്പ്പാണിതെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിശേഷിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാണിയും ഇമ്രാൻ ഖാനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. പാകിസ്ഥാന്റെ നടപടി തീർത്തും അസംബന്ധമാണെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി പ്രതികരിച്ചിട്ടുള്ളത്.

Related Articles

Post Your Comments

Back to top button