

പാലക്കാട് ജൈനിമേട്ടിൽ പെട്രോൾ പമ്പിനോട് ചേർന്നുള്ള ചിപ്സ് ഗോഡൗണിൽ തീപിടുത്തം ഉണ്ടായി. അഗ്നിരക്ഷാസേന യുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ മൂലം വൻദുരന്തം ഒഴിവായി. ചൊവ്വാഴ്ച വൈകീട്ട് 6.40ന് മനു ചിപ്സിന്റെ ഗോഡൗണിൽ ആണ് തീപിടിത്തമുണ്ടായത്. പെട്രോൾ പമ്പിൽ നിന്ന് 20 മീറ്ററോളം മാത്രം ദൂരമുള്ള ഗോഡൗണിൽ തീ പടർന്നതോടെ മണിക്കൂറുകളോളം പ്രദേശവാസികൾ ഭീതിയിലായി. അപകടത്തിൽ സ്ഥാപനത്തിലെ രണ്ട് നിലയും പൂർണമായി കത്തിനശിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന രണ്ടുമണിക്കൂറോളം ശ്രമപ്പെട്ടാണ് തീയണച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നതിനായി കരുതിയ 1000 കിലോഗ്രാമോളം ഉള്ള നേന്ത്രക്കായ ചിപ്സും പുളവറ്റലും തീപിടിത്തത്തെ തുടർന്ന് പൂർണമായി നഷ്ടമായി.
1.30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കായവറുക്കുന്നതിനായി ചാക്കുകളിൽ കരുതിയിരുന്ന ഈർച്ചപ്പൊടിയിലേക്ക് തീ പടർന്നാണ് അപകടമുണ്ടാവുകയായിരുന്നു. ഗോഡൗണിനോട് ചേർന്ന് പെട്രോൾപമ്പിന്റെ സ്റ്റോറേജ് ടാങ്ക് ഉണ്ടായിരുന്നത് രക്ഷാദൗത്യത്തെ ദുഷ്കരമാക്കി. അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് വാഹനം ഒരു യൂണിറ്റിൽ ഫോമുപയോഗിച്ചും ഒരു യൂണിറ്റിൽ വെള്ളം ഉപയോഗിച്ചുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആർ.ഹിതേഷ് നേതൃത്വം നൽകി.
Post Your Comments