കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് കേരളമടക്കം 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് ഗ്രാൻഡ് അനുവദിച്ച് കേന്ദ്രം
ന്യൂഡൽഹി: കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് ആശ്വാസമായി നരേന്ദ്രമോദി സർക്കാർ. പഞ്ചായത്തുകൾക്കുള്ള ഗ്രാൻഡ് കേന്ദ്രസർക്കാർ മുൻകൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങൾക്കായി 8923.8 കോടി രൂപയാണ് അനുവദിച്ചത്. കൊറോണ വൈറസ് ബാധ രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്കാണ് കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ 240.6 കോടി രൂപ കേരളത്തിന് ലഭിക്കും.
കേരളത്തിന് ആശ്വാസമായെത്തിയ നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ എത്തിയിരുന്നു. കേന്ദ്രസഹായത്തിന് നന്ദി കേരളത്തിലെ ആറ് ജില്ലകളിൽ കൊറോണയുടെ അതിതീവ്ര വ്യാപനമാണെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു. കേരളത്തിൽ കോഴിക്കോട്, എണറാകുളം, മലപ്പുറം, തൃശൂർ, കോട്ടയം, ആലപ്പുഴ, ജില്ലകളിലാണ് വൈറസിന്റെ അതിതീവ്ര വ്യാപനമുള്ളത്. കൂടാതെ 13 ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലെത്തിയ കേരളം ഏറെ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം ആവർത്തിച്ച് അറിയിച്ചിരുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,03,738 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,22,96,414 ആയി. രാജ്യത്ത് രോഗമുക്തി നിരക്കിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 1,83,17,404 പേർ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 3,86,444 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവിൽ 37,36,648 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.
രാജ്യത്തെ പ്രതിദിന കേസുകളിൽ 72 ശതമാനം കേസുകളും പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇവയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. രോഗികൾ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം കർണാടകയും മൂന്നാമത്തേത് കേരളവുമാണ്.