പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുങ്ങുന്നു.

കണ്ണൂരിൽ ബിജെപി നേതാവായ അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് സാധ്യത ഉണ്ടാവുകയാണ്. പോക്സോ കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് നീട്ടികൊണ്ടു പോകുന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകനായ കുനിയില്‍ പദ്മരാജന്‍ പീഡിപ്പിച്ച കേസിലാണ് ക്രൈം ബ്രാഞ്ച് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാതിരിക്കുന്നത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതി പദ്മരാജന് സ്വാഭാവിക ജാമ്യത്തിന് പോക്സോ കേസിലാണെങ്കിൽ പോലും സാധ്യതയുണ്ട്.
സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങളും സ്ഥലം എംഎൽഎയും ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ കെ.കെ ശൈലജ അടക്കമുള്ളവരുടെ വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നത്.
ജൂലൈ എട്ടിന് പദ്മരാജന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. അതിനു മുമ്പ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തളളിയിരുന്നതാണ്. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പദ്മരാജന്‍റെ ജാമ്യഹരജി തളളിയത്.
കണ്ണൂരിലെ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷിച്ചെടുക്കാൻ ഇടതു സർക്കാർ സംഘ്പരിവാറും ചേർന്നു നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഏപ്രിൽ 15 ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കെതിരെ ഇതുവരെയും കുറ്റപത്രം സമർപ്പിക്കാതിരിക്കുന്നത് പോലീസിലെ സംഘപരിവാറിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണ്. ഹമീദ് വാണിയമ്പലം കുറ്റപ്പെടുത്തി.

രമ്യ ഹരിദാസ് എം പി നിരാഹാര സമരം നടത്തി.
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പാലത്തായി പീഡനക്കേസിലെ പ്രതിക്കെതിരെ ക്രൈം ബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കണമെന്നും പ്രതി പത്മരാജൻ മറ്റൊരാൾക്ക് കുട്ടിയെ കൈമാറിയെന്ന മാതാവിന്റെ പരാതിയിന്മേൽ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു ആലത്തൂര്‍ കുഴൽമന്ദത്ത് രമ്യ ഹരിദാസ് എം പി നിരാഹാര സമരം നടത്തി. മുൻ എം.പി വി.എസ്.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാധ്യമ രംഗങ്ങളിലെ പത്ത് വനിതകൾ അവർ താമസിക്കുന്നയിടങ്ങളിൽ നിരഹാരമനുഷ്ഠിച്ചുകൊണ്ട് പത്ത് വയസ്സുകാരിയുടെ നീതിക്കായി കോവിഡ് കാല പ്രതിഷേധം നടത്തുകയായിരുന്നു.
ബി ജെ പി നേതാവ് പദ്മരാജൻ പ്രതിയായ പോക്സോ കേസിൽ അന്വേഷണ ഏജൻസിയായ ക്രൈം ബ്രാഞ്ച് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കാതെ അനാവശ്യമായി നീട്ടികൊണ്ടുപോകുകയാണെന്നും അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കാനിടയുണ്ടെന്നതിനാലുമാണ് വേറിട്ട പ്രതിഷേധവുമായി വിവിധയിടങ്ങളിൽ പത്ത് വനിതകൾ പ്രതിഷേധം സംഘടിപ്പിച്ചത്.