പാലത്തായി കേസ്; പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് സാധ്യത ഒരുങ്ങുന്നു, 86 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാതെ പോലീസ്.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ണൂരിൽ ബിജെപി നേതാവായ അധ്യാപകൻ പീഡിപ്പിച്ചതുമായി ബന്ധപെട്ട പോക്സോ കേസിന്റെ അന്വേഷണം പൂർത്തിയാക്കി, കുറ്റപത്രം സമര്‍പ്പിക്കാതെ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭ്യമാകാൻ ക്രൈം ബ്രാഞ്ച് അവസരം ഒരുക്കുന്നു.
കണ്ണൂരിൽ ബിജെപി നേതാവായ അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഇപ്പോഴും ഇഴച്ചു കൊണ്ട് പോവുകയാണ്. പോക്സോ കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതെ ബോധപൂർവം നീട്ടികൊണ്ടു പോകുന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകനായ കുനിയില്‍ പദ്മരാജന് പീഡിപ്പിച്ച കേസിൽ ക്രൈം ബ്രാഞ്ച് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അടുത്ത മൂന്ന് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കാവുന്ന സ്ഥിയാണുള്ളത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരു മാസത്തിന് ശേഷമാണ് പ്രതിയെ ഒളിവുകേന്ദ്രത്തില്‍ നിന്ന് പോലീസ് പിടികൂടുന്നത്.
നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രതി പത്മരാജന് സ്കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ്
ഈ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നത്. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് പദ്മരാജന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. അതിനു മുമ്പ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ നൽകിയ ജാമ്യാപേക്ഷയുമ തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പദ്മരാജന്റെ ജാമ്യഹരജി അന്ന് തള്ളിയത്. കുട്ടിയുടെ മാനസിക സന്തുലിതാവസ്ഥ അപകടത്തിലാണെന്നും ചോദ്യം ചെയ്യാൻ കൂടുതൽ സമയം ആവശ്യമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല ഇപ്പോൾ ഉള്ളത്.