ചെമ്പോലയുടെ ആധികാരികത പരിശോധിക്കാന്‍ പന്തളം രാജകുടുംബം
പന്തളം: ചെമ്പോല വിവാദത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പന്തളം രാജകുടുംബം. ശബരിമല യുവതി പ്രവേശന കേസില്‍ ഈ ചെമ്പോല രേഖയായി സമര്‍പ്പിച്ചിരുന്നോ എന്നറിയാനാണ് രാജകുടുംബം സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാവുന്ന രീതിയില്‍ ചെമ്പോലയുടെ പകര്‍പ്പോ ചിത്രങ്ങളോ തെളിവെന്ന രൂപേണ സമര്‍പ്പിക്കാനുള്ള സാധ്യതയുണ്ട്.
ഇതറിയണമെങ്കില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളും തെളിവുകളും പരിശോധിക്കേണ്ടതുണ്ട്. അതിനുള്ള അനുമതിക്കാണ് കൊട്ടാരം ഇടക്കാല ഹര്‍ജി നല്കാന് ഒരുങ്ങുന്നത്. കോടതിയുടെ അനുമതിയോടുകൂടി വെരിഫിക്കേഷന് നടത്തി വ്യക്തത വരുത്താനാണ് രാജകുടുംബം ആലോചിക്കുന്നത്. ചെമ്പോലയിലെ വട്ടെഴുത്ത് ചരിത്രകാരനായ എം.ആര്. രാഘവ വാര്യര്‍ പരിശോധിച്ചിരുന്നു. അത് ആധികാരികമാണോ അല്ലയോ എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.
എന്നാല്‍ ചരിത്രപണ്ഡിതരായ ഡോ. എം.ജി. ശശിഭൂഷണ്‍, ഡോ. രാജന് ഗുരുക്കള്‍ എന്നിവര്‍ രാഘവ വാര്യരുടെ അഭിപ്രായത്തെ നഖശിഖാന്തം എതിര്‍ക്കുകയാണ്. ഏകദേശം അരനൂറ്റാണ്ട് മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട ഒരു കേസില്‍ കേരള ഹൈക്കോടതിയിലും ഒരു ചെമ്പോല ഹാജരാക്കിയിരുന്നു. ഇതേ ചെമ്പോല തന്നെയാണോ ഹൈക്കോടതിയില്‍ ഹാജരാക്കിയതെന്ന സംശയവും ഇപ്പോള്‍ ഉയരുന്നുണ്ട്.
അന്നു ഹാജരാക്കിയ ചെമ്പോല വ്യാജമാണെന്ന് അതു പരിശോധിച്ച എപ്പിഗ്രാഫിസ്റ്റും ഭാഷാപണ്ഡിതനുമായിരുന്ന വി.ആര്. പരമേശ്വരന് പിള്ള വെളിപ്പെടുത്തിയിരുന്നു. ചരിത്രകാരനായിരുന്ന എ. ശ്രീധരമേനോനെയും ഗവേഷകനായ വി.ആര്. പരമേശ്വരന് പിള്ളയെയുമാണു ചെമ്പോലയുടെ ആധികാരികത പരിശോധിക്കാന്‍ നിയോഗിച്ചിരുന്നത്. ശബരിമലയുമായും പന്തളം കൊട്ടാരമായും ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ ഉള്ളത് ദേവസ്വം ബോര്‍ഡിന്റെ പക്കലാണ്.
ഈ രേഖകള്‍ ബോര്‍ഡ് പരിശോധിച്ചെന്നാണു ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറയുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറയുന്നത് മോന്‍സണിന്റെ പക്കലുള്ള ചെമ്പോല വ്യാജമാണെന്നാണ്. മാത്രമല്ല ചെമ്പോല എഴുതിയ കാലത്ത് തിരുവിതാംകൂര്‍ രാജകുടുംബം സീല്‍ ഉപയോഗിച്ചിരുന്നില്ലെന്നാണു പന്തളം കൊട്ടാരത്തിന്റെ വാദം. പിന്നീട് സീല്‍ ഉണ്ടാക്കിയപ്പോള്‍ രാജമുദ്രയായ ശംഖ് ആണു ഉപയോഗിച്ചത്. ചെമ്പോലയിലെ സീലില്‍ ശംഖ് മുദ്രയില്ല. ചെമ്പോല വ്യാജമാണെ കണ്ടാല്‍ നടപടി സ്വീകരിക്കാനാണ് രാജകുടുംബം തീരുമാനിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.
കേരള സര്‍ക്കാരും സിപിഎമ്മും ചെമ്പോലയെ അടിസ്ഥാനമാക്കി ശബരിമല വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന ആരോപണവും സമൂഹത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. പന്തളം കൊട്ടാരം സുപ്രീംകോടതിയെ സമീപിച്ചാല്‍ ചെമ്പോലയെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും വ്യക്തത വരും. ഈ ഘട്ടത്തില്‍ ഹര്‍ജി നല്കിയാല് കോടതി പരിഗണിക്കുമോ എന്നുറപ്പില്ലെങ്കിലും പിന്നീട് അവസരം ലഭിക്കുമെന്നാണു കൊട്ടാരത്തിന്റെ പ്രതീക്ഷ.