Kerala NewsLatest News
സത്യവാങ്മൂലം ഇല്ലാത്തതിന് വാഹനം പിടിച്ചെടുത്തു; നടന്ന് വീട്ടിലെത്തിയ 56കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
കിളിമാനൂര്‍: നഗരൂരില്‍ ലോക്ക്ഡൌണ്‍ ലംഘനത്തിന് പൊലീസ് വാഹനം പിടിച്ചെടുത്തതുമൂലം നടന്ന് വീട്ടിലെത്തിയ 56കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നഗരൂര്‍ കടവിള കൊടിവിള വീട്ടില്‍ സുനില്‍കുമാര്‍ (56) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
ശനിയാഴ്ചയാണ് സംഭവം. രാവിലെ 8.30ഓടെ നഗരൂര്‍ ആല്‍ത്തറമൂട് ജങ്ഷനിലെ കടയില്‍നിന്ന് പഴം വാങ്ങി നില്‍ക്കവേയാണ് നഗരൂര്‍ പൊലീസ് സുനില്‍കുമാറിനെ പിടികൂടിയത്.
സത്യവാങ്മൂലം ഇല്ലാത്തതിനാല്‍ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. രണ്ടുകിലോമീറ്ററിലേറെ ദൂരം നടന്ന് വീട്ടിലെത്തിയ ഇദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് കാരേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദ്രോഗിയായ സുനില്‍കുമാര്‍ മരുന്നുവാങ്ങാനായി നഗരൂര്‍ ജങ്ഷനിലെ മെഡിക്കല്‍ സ്റ്റോറിലേക്ക് പോയതാണെന്നും പറയപ്പെടുന്നു. സിദ്ധാര്‍ഥ് ഏക മകനാണ്