Latest NewsNationalNewsPoliticsWorld

പാന്‍ഡോറ പേപ്പര്‍: പുടിനും അംബാനിയും ടെന്‍ഡുല്‍ക്കറുമെല്ലാം ലിസ്റ്റില്‍

മുംബൈ: കള്ളപ്പണം സൂക്ഷിക്കാന്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയവരുടെ ലിസ്റ്റുമായി മാധ്യമപ്രവര്‍ത്തകര്‍. ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള മാധ്യമങ്ങളിലെ 650 റിപ്പോര്‍ട്ടര്‍മാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയ്ക്കുപുറത്ത് കള്ളപ്പണം സൂക്ഷിച്ച മുന്നൂറോളം ബിസിനസുകാരടക്കമുള്ളവരുടെ പേരുവിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. അനില്‍ അംബാനി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുതലായ പേരുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മന്ത്രിസഭയിലെ ചില ഉന്നതര്‍, അനില്‍ അംബാനി, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവര്‍ ഈ അവിഹിത സ്വത്തുസമ്പാദന ലിസ്റ്റില്‍ ഉള്‍പ്പെട്ടത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പാന്‍ഡോറ പേപ്പര്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ ചോര്‍ച്ചയിലൂടെ ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭഗങ്ങളില്‍ നിന്നുള്ള 650 റിപ്പോര്‍ട്ടര്‍മാര്‍ അംഗങ്ങളായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം എന്ന സംഘടനയ്ക്കാണ് രേഖകള്‍ ലഭിച്ചിരിക്കുന്നത്.

ഏറ്റവും അധികം ശ്രദ്ധയാകര്‍ഷിക്കുന്നത് റഷ്യന്‍ ഭരണാധികാരി പുടിന്റെ കാമുകിയുടെ സ്വത്ത് വിവരങ്ങളാണ്. ഒരു ചില്ലറ വില്‍പനശാലയിലെ തൂപ്പുകാരിയായിരുന്ന സ്വെറ്റ്‌ലാന ഇന്ന് ശതകോടികളുടെ ഉടമയണ്. പുടന്റെ രഹസ്യകാമുകിയെന്ന് പറയപ്പെടുന്ന ഇവര്‍ പുടിന്റെ കുട്ടിയുടെ അമ്മയുമാണെന്ന് പറയപ്പെടുന്നു. മൊണാക്കോയിലെ സുപ്രധാന ഭാഗത്ത് 4.1 മില്യണ്‍ ഡോളര്‍ വിലയുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത് ബ്രോക്ക്വില്ലെ ഡെവെലപ്‌മെന്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ രേഖകള്‍ വിരല്‍ ചൂണ്ടുന്നത് സ്വെറ്റ്‌ലാനയിലേക്കാണ്. തൂപ്പുകാരിയുടേ ജോലി വേണ്ടെന്നുവച്ച് കോളേജ് പഠനത്തിനു പോയ സമയത്താണ് ഇവര്‍ പുടിനുമായി ബന്ധപ്പെടുന്നത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഒരു ആഡംബര വസതി ഇവര്‍ക്കുണ്ട്. അതുകൂടാതെ മോസ്‌കോയില്‍ നിരവധി സ്വത്തുക്കളും അതോടൊപ്പം ഒരു ആഡംബര നൗകയും ഇവര്‍ക്കുണ്ട്. ഏകദേശം 100 മില്യണ്‍ ഡോളര്‍ ആസ്തിയുടെ ഉടമയാണ് സ്വെറ്റ്‌ലാന.

ജോര്‍ദാനിലെ ഏകാധിപതിയായ രാജാവ് ബ്രിട്ടനിലും അമേരിക്കയിലും ഉള്ള സ്വത്തുക്കള്‍ക്കൊപ്പം 70 മില്യണ്‍ പൗണ്ടിന്റെ അധിക സ്വത്തുക്കള്‍ കൂടി വാങ്ങിക്കൂട്ടിയിട്ടുണ്ട്. പ്രധാനമായും മാലിബു, കാലിഫോര്‍ണിയ, ലണ്ടന്‍ എന്നിവിടങ്ങളിലാണ് സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നത്. അതുപോലെ അടുത്തയാഴ്ച തിരഞ്ഞെടുപ്പിനെ നേരിടുന്ന ചെക്ക് പ്രധാനമന്ത്രി ആന്‍ഡ്രേജ് ബാബിസ് ഇത്തരത്തില്‍ വിദേശത്ത് വ്യാജ കമ്പനികള്‍ രൂപീകരിച്ച് സമ്പാദിച്ചത് 16.2 മില്യണ്‍ ഡോളറാണെന്നും പാന്‍ഡോറ പേപ്പേഴ്‌സിലൂടെ പുറത്തുവന്നിട്ടുണ്ട്.

അടുത്തിടെ പാപ്പരായി പ്രഖ്യാപിച്ച അനില്‍ അംബാനിക്ക് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന 18 വിദേശകമ്പനികളാണ് ഉള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. ബാങ്കുകളെ വെട്ടിച്ച് കടന്നുകളഞ്ഞ നീരവ് മോദിയാണ് മറ്റൊരാള്‍. ഇന്ത്യ വിടുന്നതിന് കഷ്ടിച്ച് ഒരു മാസം മുന്‍പായി അദ്ദേഹത്തിന്റെ സഹോദരി ഒരു ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇന്‍സൈഡര്‍ ട്രേഡിങ് വിലക്കപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയെ പ്രമുഖസ്ഥാനത്ത് ഇരുത്തിയാണ് ഈ ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലിസ്റ്റില്‍ 60 പ്രമുഖ വ്യക്തികളും കമ്പനികളും ഉള്‍പ്പെടുന്നു എന്നാണ് പുറത്തുവന്ന വിവരം.

ചില ബാങ്കുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഇത്തരത്തിലുള്ള കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ട് എന്നും മാധ്യമപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ബാങ്കുകള്‍ രൂപീകരിച്ച 3,926 കമ്പനികളുടെ വിശദാംശങ്ങള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ പനാമയിലെ മുന്‍ അമേരിക്കന്‍ അംബാസിഡര്‍ രൂപീകരിച്ച കമ്പനിയും ഉള്‍പ്പെടുന്നു. 2020 ഫെബ്രുവരിയില്‍ ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു ബാങ്കുമായുള്ള കേസിലാണ് ഒരു ലണ്ടന്‍ കോടതിയില്‍ താന്‍ പാപ്പരാണെന്ന കാര്യം അനില്‍ അംബാനി പറയുന്നത്. എന്നാല്‍ അനില്‍ അംബാനിക്ക് വിദേശരാജ്യങ്ങളില്‍ എത്രമാത്രം സ്വത്തുക്കളുണ്ടെന്നതിന്റെ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് 716 മില്യണ്‍ ഡോളര്‍ ബാങ്കിനു നല്‍കാന്‍ വിധി വന്നെങ്കിലും ലോകത്തിന്റെ ഒരു ഭാഗത്തും തനിക്ക് സ്വത്തുക്കള്‍ ഒന്നും തന്നെയില്ലെന്ന് പറഞ്ഞ് അംബാനി ഈ പണം നല്‍കിയില്ല.

എന്നാല്‍, ഇപ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത അദ്ദേഹത്തിന്റെ വാദങ്ങള്‍ ഖണ്ഡിക്കുന്നതാണ്. അംബാനിയും അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവരും കൂടി ജേഴ്‌സി, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സ്, സൈപ്രസ് എന്നിവിടങ്ങളിലായി 18 ഓഫ്‌ഷോര്‍ കമ്പനികള്‍ നടത്തുന്നു എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ ഏഴു കമ്പനികള്‍ രൂപീകരിച്ചിരിക്കുന്നത് 2007നും 2010നും മധ്യേയാണ്. ഇവയെല്ലാം കൂടി നിക്ഷേപിച്ചിരിക്കുന്നത് 1.3 ബില്യണ്‍ ഡോളറാണ്. ഇതില്‍ അനില്‍ അംബാനിയുടെ പേരില്‍ ജഴ്‌സിയില്‍ ഉള്ള ബാറ്റിസ്റ്റ് അണ്‍ലിമിറ്റഡ്, റേഡിയം അണ്‍ലിമിറ്റഡ്, ഹുയി ഇന്‍വെസ്റ്റ്‌മെന്റ് അണ്‍ലിമിറ്റഡ് എന്നീ മൂന്നു കമ്പനികള്‍ രൂപീകരിച്ചത് 2007 ഡിസംബറിനും 2008 ജനുവരിയിലും ആയാണ്. ഇതില്‍ ബാറ്റിസ്റ്റെയും റേഡിയം അണ്‍ലിമിറ്റഡും അനില്‍ അംബാനി ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ റിലയന്‍സ് ഇന്നോവെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ്. ഹുയി ഇന്‍വെസ്റ്റ്‌മെന്റ് ആകട്ടെ എഎഎ എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലും.

റിലയന്‍സ് കാപിറ്റലിന്റെ ഒരു പ്രമോട്ടാര്‍ കമ്പനിയാണിത്. അനില്‍ അംബാനിയുടെ പ്രതിനിധിയായ അനൂപ് ദലാലിന്റെ ഉടമസ്ഥതയില്‍ രണ്ടു കമ്പനികളും ജഴ്‌സിയില്‍ ഉണ്ട്. പാന്‍ഡോറ ലീക്ക് ലിസ്റ്റില്‍ പേരുവന്ന മറ്റൊരു പ്രമുഖനാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അദ്ദേഹത്തിന്റെ ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡിലുള്ള കമ്പനി പക്ഷെ 2016ല്‍ തന്നെ അടച്ചുപൂട്ടി. നേരത്തേ പനാമ പേപ്പറിലൂടെ ഈ കമ്പനിയുടെ പേരുവിവരം പുറത്തുവന്നിരുന്നു.

സച്ചിന്‍, ഭാര്യ അഞ്ജലി, ഭാര്യയുടെ പിതാവ് ആനന്ദ് മേത്ത എന്നിവരുടെ പേരിലായിരുന്നു ഈ കമ്പനി. പനാമ പേപ്പറില്‍ പേരുവന്ന് മൂന്നു മാസത്തിനുള്ളില്‍ കമ്പനി അടച്ചുപൂട്ടി. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നികുതി വെട്ടിപ്പ് നടത്തി കൂടുതല്‍ സ്വത്തുക്കള്‍ സമ്പാദിച്ചവരുടെ ലിസ്റ്റില്‍ അസര്‍ബൈജന്‍ പ്രധാനമന്ത്രി, ഉക്രൈന്‍ പ്രസിഡന്റ് മുതലായവരും ഉള്‍പ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button