Latest NewsNationalNews

സൊമാറ്റോ ജോലി തെറിപ്പിച്ചു, നിരപരാധിയാണെങ്കില്‍ ഈ വേദനയ്ക്ക് തക്കതായ ശിക്ഷ ലഭിക്കണം; കാമരാജിന് പിന്തുണയുമായി പരിണീതി

സൊമാറ്റോ ഡെലിവറി ബോയ് മര്‍ദിച്ചെന്ന യുവതിയുടെ പരാതിയില്‍ ട്വിസ്റ്റ് സംഭവിച്ചതോടെ ഡെലിവറി ബോയ് കാമരാജിന് പിന്തുണയേറുന്നു. യുവതിയുടെ പരാതി തെറ്റാണെങ്കില്‍ അവരെ ശിക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം പരിനീതി ചോപ്ര. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കാമരാജ് തന്റെ മൂക്കിന് ഇടിച്ച് ചോരവരുത്തിയെന്നായിരുന്നു കണ്ടന്റ് ക്രിയേറ്ററും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനി എന്ന യുവതിയുടെ പരാതി. മൂക്കില്‍നിന്ന് ചോരയൊലിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, തന്നെ ചെരുപ്പൂരി അടിക്കുന്നതിനിടെ അവരുടെ തന്നെ മോതിരം മൂക്കില്‍ തട്ടിയാണ് യുവതിക്ക് പരുക്കേറ്റതെന്ന് കാമരാജ് മൊഴി നല്‍കി.

കാമരാജിനോട് യുവതി ചെയ്തത് മനുഷ്യത്വ രഹിതമായ കാര്യമാണെന്ന് പരിനീതി പറഞ്ഞു. സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ഥത്തില്‍ സംഭവിച്ചതെന്തെന്ന് പുറത്തുകൊണ്ടു വരണമെന്നും, യുവതിയുടെ ആരോപണം തെറ്റാണെങ്കില്‍ അതിനുള്ള ശിക്ഷ അവര്‍ക്ക് നല്‍കണമെന്നും പരനീതി ആവശ്യപ്പെട്ടു. സത്യം കണ്ടു പിടിച്ച് എല്ലാവരേയും അത് അറിയിക്കണമെന്ന് സൊമാറ്റോയോട് പരിനീതി അഭ്യര്‍ഥിച്ചു. തനിക്ക് ഏതെങ്കിലും വിധത്തില്‍ സഹായിക്കാനാകുമെങ്കില്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

ഡെലിവറി എക്‌സിക്യൂട്ടീവിനും പരാതിക്കാരിയായ സ്ത്രീക്കും സൊമാറ്റോ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് കമ്പനി സിഇഒയും സഹസ്ഥാപകനുമായ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. സംഭവത്തിന്റെ ഇരുവശങ്ങളും പുറത്തുവരുമെന്നും ദീപീന്ദര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന സംഭവം ബുധനാഴ്ച ഹിതേഷയാണ് സോഷ്യല്‍ മീഡിയ വഴി പുറംലോകത്തെത്തിച്ചത്. സൊമാറ്റോ ഡെലിവറി ബോയ് തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചുവെന്നായിരുന്നു ഹിതേഷ ചന്ദ്രാനിയുടെ ആരോപണം.

വൈകീട്ട് 3.30ഓടെ സൊമാറ്റോയില്‍ ഭക്ഷണം ഓഡര്‍ ചെയ്ത 4.30 കഴിഞ്ഞിട്ടും എത്തിയില്ല. ഇതോടെ സൊമാറ്റോ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യാനോ അതല്ലെങ്കില്‍ തുക തിരിച്ചുനല്‍കാനോ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഭക്ഷണവുമായി ഡെലിവറി ബോയ് എത്തി. വൈകിയതിനാല്‍ ഓര്‍ഡര്‍ വേണ്ടെന്നും കസ്റ്റമര്‍ കെയറുമായി സംസാരിക്കുകയാണെന്നും അറിയിച്ചെങ്കിലും തിരിച്ചുപോകാതെ ബലമായി വാതില്‍ തുറന്നു. അകത്ത് കയറാന്‍ യുവാവ് ശ്രമിച്ചപ്പോഴാണ് ചെരിപ്പുകൊണ്ട് അടിക്കാന്‍ തുനിഞ്ഞത്. അപ്പോള്‍ യുവാവ് മുഖത്ത് ഇടിക്കുകയായിരുന്നു, എന്നായിരുന്നു ഹിതേഷയുടെ വെളിപ്പെടുത്തല്‍

സംഭവത്തെ തുടര്‍ന്ന് കാമരാജിനെ ജോലിയില്‍നിന്ന് പുറത്താക്കിയതായി സൊമാറ്റോ അറിയിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ ഇലക്ട്രോണിക് സിറ്റി പൊലീസ് കേസെടുക്കുകയും കമാരാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button