ആര്‍എസ്എസിനെ കാണുമ്പോള്‍ സിപിഎം വിയര്‍ക്കുന്നു
ജിഹാദ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ കുരിശുകണ്ട ചെകുത്താനെ പോലെ പരക്കം പായുകയാണ് സിപിഎം നേതാക്കള്‍. ജിഹാദ് വെറും സാങ്കല്‍പികം മാത്രമാണെന്ന് പൊതുജനങ്ങളോട് ആവര്‍ത്തിച്ചു പ്രഖ്യാപിക്കും. അതിനുശേഷം ജിഹാദ് എന്ന വാക്ക് പറഞ്ഞയാളെ കണ്ട് നിങ്ങള്‍ പറയുന്നതാണ് ശരി എന്ന കാര്യം ബോധിപ്പിക്കാന്‍ പ്രമുഖനായ ഒരു ദൂതനെ വിടും. സിപിഎമ്മിന്റെ ഈ ഇരട്ടനിലപാട് വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസിനോടുള്ള ഭയത്തെയാണ്.
പാലാ ബിഷപ് നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്നു പറഞ്ഞപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് നാര്‍ക്കോട്ടിക് ജിഹാദില്ല, മറിച്ച് മയക്കുമരുന്ന് മാഫിയ ഇവിടെ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ്. ക്രിസ്ത്യന്‍- മുസ്ലീം സമുദായങ്ങളെ ബാലന്‍സ് ചെയ്ത് തങ്ങളുടെ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ സിപിഎം നടത്തുന്ന നാടകം പൊളിയുമോ എന്ന ആശങ്ക നേതാക്കള്‍ക്ക് ശക്തമായുണ്ട്. ബിഷപ്പിനെ തിരുത്താന്‍ സിപിഎം ശ്രമിച്ചില്ലെന്നു മാത്രമല്ല കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദികള്‍ സ്വാധീനിക്കുന്നുണ്ടെന്ന് പാര്‍ട്ടി രേഖയിലൂടെ തുറന്നുപറയുകയും ചെയ്തു.
ബിഷപ്പിന്റെ വാക്കുകള്‍ മുഖ്യമന്ത്രി നിഷേധിക്കാന്‍ ശ്രമിക്കുന്നു എന്ന് വരുത്തിത്തീര്‍ത്തപ്പോഴേക്കും ക്രിസ്ത്യന്‍ സംഘടനകള്‍ ജിഹാദികള്‍ക്കെതിരെ നടത്തിയ പ്രകടനം സര്‍ക്കാരിനെതിരെ കൂടിയായി. ഇതോടെ ക്രിസ്ത്യന്‍ വോട്ട് ബാങ്ക് തങ്ങളില്‍ നിന്ന് അകന്ന് സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് അടുക്കുകയാണെന്ന് സിപിഎം നേതാക്കള്‍ ഭയന്നു. കോട്ടയത്തെ പ്രമുഖ സിപിഎം നേതാവും മന്ത്രിയുമായ വാസവനെ ദൂതനായി അരമനയിലേക്ക് അയച്ചു. ക്രിസ്ത്യന്‍ വിശ്വാസികള്‍ ആര്‍എസ്എസിനോട് കൂടുതല്‍ അടുത്താല്‍ ജോസ് കെ. മാണിയെ യുഡിഎഫില്‍ നിന്നും അടര്‍ത്തിയെടുത്തത് വൃഥാവിലാകുമെന്ന് സിപിഎം നേതൃത്വം തിരിച്ചറിഞ്ഞു.
മുസ്ലീങ്ങളെ കൂടെ നിര്‍ത്താന്‍ പിണറായി വിജയനും ക്രിസ്ത്യാനികളെ കൂടെ നിര്‍ത്താന്‍ സിപിഎം നേതൃത്വവും മുന്നിട്ടിറങ്ങി. മുസ്ലീം സംഘടനകളുടെ നേതൃത്വം ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി ആശയഭിന്നതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകനെ സാമൂഹമാധ്യമങ്ങളിലൂടെ അവര്‍ അടിച്ചിരുത്താന്‍ ശ്രമിച്ചു. മതസംഘടനകള്‍ ആര്‍എസ്എസിനോടടുത്താല്‍ തങ്ങളുടെ വോട്ട് ബാങ്ക് തകരുമെന്ന് സിപിഎം ഭയക്കുന്നതായാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. മയക്കുമരുന്ന് നല്‍കി കോളേജ് വിദ്യാര്‍ഥിനികളെ ഭീകരസംഘടനകളില്‍പ്പെട്ടവര്‍ സ്വാധീനിക്കുന്നു എന്ന് സിപിഎം പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്ത് മുന്നില്‍ വന്നത് കോണ്‍ഗ്രസ് ആണ്.
ന്യൂനപക്ഷപ്രീണനം നടത്തിയാല്‍ മാത്രമേ തങ്ങള്‍ക്ക് വോട്ട് ലഭിക്കുകയുള്ളൂ എന്ന നിലപാടില്‍ നിന്ന് അവര്‍ മാറിയിട്ടില്ല. ഈ ആശയത്തിലേക്ക് സിപിഎമ്മും എത്തപ്പെട്ടിരിക്കുകയാണ്. ആര്‍എസ്എസ് ഹൈന്ദവസമാജത്തിനെ ഉദ്ധരിക്കാന്‍ ശ്രമിക്കുമ്പോള്‍ ജാതീയതയുടെ പേരില്‍ വിള്ളലുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിന് എന്നും വിജയം തന്നെയാണ് ഉണ്ടാകുന്നത്. ജാതീയതയ്ക്കപ്പുറം ഹിന്ദുക്കള്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ തങ്ങള്‍ക്ക് ഇനി കേരളമെന്ന തുരുത്തും നഷ്ടമാകുമെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്. അതുണ്ടാവാതിരിക്കാന്‍ ആര്‍എസ്എസിനുമേല്‍ അവര്‍ വര്‍ഗീയതയുടെ കളങ്കം ചാര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
രാജ്യസ്‌നേഹം വെറും നാട്യമാണെന്നാണ് അവര്‍ ആവുംവിധമെല്ലാം സ്ഥാപിക്കുന്നത്. രാജ്യസ്‌നേഹത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ജാതി-മതചിന്തകള്‍ക്കതീതമായി ഒന്നിച്ചാല്‍ ഇന്ത്യയുടെ വടക്കുഭാഗത്തു നിന്നും താഴോട്ടെത്തി തെക്കുപടിഞ്ഞാറേ മൂലയില്‍ അന്ത്യവിശ്രമത്തിന് തയാറെടുക്കുന്ന പാര്‍ട്ടിയുടെ അവസാനത്തിന് കാത്തിരിപ്പിന്റെ ആവശ്യം വരില്ല. ദേശീയതയെ മുറുകെപ്പുണരാന്‍ കേരളീയര്‍ തീരുമാനിച്ചാല്‍ തങ്ങളില്ലാതെയാവുമെന്ന് പാര്‍ട്ടിക്കാര്‍ക്ക് വ്യക്തമായറിയാം. അതിനാല്‍ മതപരിവര്‍ത്തനത്തിനും വിഘടനവാദപ്രവര്‍ത്തനങ്ങള്‍ക്കും വളക്കൂറുള്ള മണ്ണാക്കി മാറ്റുവാനുള്ള സഹായങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്.
ഇക്കാര്യം തിരിച്ചറിയുന്നവരെ ഉന്മൂലനം ചെയ്യാനും പാര്‍ട്ടിക്ക് മടിയില്ല. ഭീതിയില്‍ നിന്നാണ് ഉന്മൂലനം ഉടലെടുക്കുന്നതത്രെ. ഒരുസംഘത്തെ വര്‍ഗീകരിച്ച് തങ്ങളുടെ കൂടെ നിര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് നൈതികത മനസിലാക്കി പുറത്തുവരുന്നവര്‍ അനുദിനം വര്‍ധിക്കുന്നതും രാജ്യസ്‌നേഹത്തിന്റെ കുളിര്‍മയില്‍ ഒത്തുകൂടുകയും ചെയ്യുന്ന ജനതതിയെ സിപിഎം ഭയക്കുകയാണ്- അതുതന്നെയാണ് ആര്‍എസ്എസ് എന്ന സംഘടനയോട് സിപിഎമ്മിന് നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന ഭയത്തിന് ഹേതുവും.