കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരണപെട്ടു.

ചേർത്തല/ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരിയായിരുന്ന യുവതി മരണപെട്ടു. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസിൽ അനന്തുവിന്റെ ഭാര്യയും, ആലുവ മുപ്പത്തടം കാരോത്തുകുന്നിൽ പരേതരായ സുധീഷിന്റെയും അനുപമയുടെയും മകളുമായ വിഷ്ണുപ്രിയ (19) യാണ് മരണപ്പെട്ടത്. ദേശീയപാതയിൽ ചേർത്തല തിരുവിഴ ജംഗ്ഷനു സമീപം വെച്ചായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്നു വന്ന കാറും ചേർത്തല ഭാഗത്തുനിന്നെത്തിയ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.
ഹൈവേ പോലീസും മാരാരിക്കുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും, നാട്ടുകാരുടെ സഹായത്തോടെ കാർ വെട്ടിപ്പൊളിച്ചാണു യാത്രക്കാരായ നാലുപേരെയും പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന വിഷ്ണുപ്രിയയുടെ ഭർത്താവ് അനന്തു (22) സുഹൃത്തുക്കളായ അഭിജിത്ത് (20), ജിയോ (21) എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കുണ്ട്. ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊച്ചിയിലെ ആശുപത്രിയിൽവച്ചാണ് വിഷ്ണുപ്രിയ മരണപ്പെടുന്നത്.