തമിഴ്നടൻ വിജയകാന്തിനെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: ദേശീയ മുർപോക്ക് ദ്രാവിഡ കഴകം(ഡിഎംഡികെ) നേതാവും നടനുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്ന് ബുധനാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് വിജയകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിജയകാന്തിന‍്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഏതാനും വർഷങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങൾ താരത്തിന് ഉണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മുതിർന്ന ഡോക്ടർമാർ അടങ്ങുന്ന സംഘം പരിശോധിച്ചു വരികയാണ്. പൊതുവായ ചെക്കപ്പിനായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ വർഷം സെപറ്റംബറിൽ വിജയകാന്തിന് കോവിഡ് പോസിറ്റീവായിരുന്നു. കോവിഡ് പോസിറ്റീവായതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിജയകാന്തിന് പിന്നാലെ ഭാര്യ പ്രമേലതയ്ക്കും കോവിഡ് ബാധിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് പ്രമേലത ആശുപത്രി വിട്ടത്.