Kerala NewsLatest NewsPolitics

പെരിയ കേസ് അന്വേഷണം 4 മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം നാലു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പതിനൊന്നാം പ്രതി പ്രദീപിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ദേശം. രണ്ടു വര്‍ഷത്തിലധികമായി പ്രതികള്‍ ജയിലില്‍ കഴിയുകയാണെന്നും കോടതി നിരീക്ഷിച്ചു.

പെരിയ കേസില്‍ കേസില്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തോട് തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പുറംതിരിഞ്ഞ് നിന്നിരുന്നു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ബന്ധുക്കള്‍ നിലപാടെടുത്തു. എന്നിട്ടും എല്ലാം നേര്‍വഴിക്കാണെന്ന വാദത്തിലായിരുന്നു സര്‍ക്കാര്‍. അവസാനം ഹൈക്കോടതിയില്‍‌ നിന്നും സി.ബി.ഐ അന്വേഷണത്തിന് അനുകൂലമായ ഉത്തരവ് വന്നു. അപ്പോഴും സര്‍ക്കാര്‍ വഴങ്ങിയില്ല. നിയമ പോരാട്ടം ഡിവിഷന്‍ ബെഞ്ചിന് മുന്നിലും എത്തി. എല്ലായിടത്തും തിരിച്ചടി നേരിട്ടപ്പോഴും കേസ് രേഖകള്‍ വിട്ടു കൊടുക്കാതെ നിലപാടില്‍ ഉറച്ച്‌ സുപ്രിം കോടതിയില്‍ എത്തി സര്‍ക്കാര്‍.

എന്നാല്‍ അവിടെയും തിരിച്ചടി നേരിട്ടു. ഒടുവില്‍ കേസ് സി.ബി.ഐ അന്വേഷിക്കുന്നത് തടയണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി തള്ളുകയായിരുന്നു. കേസിന്‍റെ രേഖകള്‍ എത്രയും വേഗത്തില്‍ പൊലീസ് സിബിഐക്ക് കൈമാറണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. ഫെബ്രുവരി 17ന് രാത്രിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button