CrimeKerala NewsLatest NewsLaw,NewsPolitics

പെരിയ ഇരട്ടക്കൊലപാതകം: നികുതിപ്പണം മുടക്കി കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് തിരിച്ചടി

കാസര്‍ഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ ഇന്ന് അറസ്റ്റിലായതോടെ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തതെന്തിനാണെന്ന സംശയം ദൂരീകരിക്കപ്പെടുകയാണ്. സിബിഐ അന്വേഷണത്തെ നഖശിഖാന്തം എതിര്‍ക്കുകയും സംസ്ഥാന ഖജനാവില്‍ നിന്നും ഒരു കോടിയോളം ചിലവാക്കി സുപ്രീംകോടതി വരെ കേസ് നടത്തുകയും ചെയ്തു.

സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി നിര്‍ദയം തള്ളിക്കളഞ്ഞു. ഇരട്ടക്കൊലപാതകം അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്. പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്നില്ലെന്നും സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കവേ കോടതിയെ അറിയിച്ചിരുന്നു.

കേസ് രേഖകള്‍ തേടി ഏഴ് തവണയാണ് സിബിഐ കത്ത് നല്‍കിയത്. കേസ് ഡയറിയും രേഖകളും അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബറിലും ക്രൈം ബ്രാഞ്ചിന് സിബിഐ കത്ത് നല്‍കിയിരുന്നു. സിപിഎം പ്രവര്‍ത്തകരായ കൊലയാളികളെ സംരക്ഷിക്കാന്‍ പരമാവധി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ അവരെ സിബിഐ അറസ്റ്റ് ചെയ്യുകതന്നെ ചെയ്തു.

സിബിഐ ഇന്ന് സിപിഎം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, മധു, സുരേന്ദ്രന്‍, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ നാളെ എറണാകുളം കോടതിയില്‍ ഹാജരാക്കും. കാസര്‍ഗോഡ് ഗസ്റ്റ്ഹൗസില്‍ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞു നിര്‍ത്തി വിവിധ വാഹനങ്ങളിലെത്തിയ ഒരു കൂട്ടം ആള്‍ക്കാര്‍ വെട്ടിക്കൊലപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button