നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് ജാമ്യമില്ല.

കൊച്ചി /തിരുവനന്തപുരം യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ജാമ്യ അപേക്ഷ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. സ്വപ്നയുമൊത്ത് എം. ശിവശങ്കര്‍ നടത്തിയ വിദേശയാത്രകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കസ്റ്റംസ് ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്ക്കെതിരെ കോടതിയില്‍ എതിർത്ത് വാദിച്ചിരുന്നത്. ഏഴു തവണ നടത്തിയ യാത്രകളുടെ ചെലവുകള്‍ സ്വയം വഹിച്ചതായി ശിവശങ്കര്‍ തന്നെയാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഗൂഢലക്ഷ്യങ്ങള്‍ പുറത്തു വരാനുണ്ടെന്നും, പലചോദ്യങ്ങളോടും ശിവ ശങ്കർ സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചിരുന്നു.
എന്നാൽ തന്റെ കക്ഷിക്കെതിരെ ഒരു തെളിവും കസ്റ്റംസിനു ലഭിച്ചിട്ടില്ലെന്ന പതിവ് പല്ലവിക്കൊപ്പം, ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ശിവശങ്കറിന്റെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടത്. അതേസമയം, ശിവശങ്കറിന്റെ സ്വര്‍ണക്കടത്തിലെ ഇടപെടല്‍ വ്യക്തമാണെന്നും, തെളിവുകൾ ഉണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. 2015 മുതല്‍ ആരോഗ്യപ്രശ്നമുണ്ടെന്നു പറയുന്ന ശിവശങ്കര്‍ പിന്നെ എങ്ങനെയാണ് വിദേശയാത്രകള്‍ നടത്തിയതെന്നും കസ്റ്റംസ് ചോദിക്കുകയുണ്ടായി.