അഞ്ച് പൈസയ്ക്ക് ബിരിയാണി; കോവിഡ് പ്രോട്ടോക്കോള്‍ മറന്ന് ജനം; ഉദ്ഘാടന ദിനം തന്നെ ഹോട്ടലിന് പൂട്ടുവീണു
ചെന്നൈ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി ആളുകള്‍ കൂട്ടം കൂടുന്ന വര്‍ത്തകള്‍ ഇപ്പോള്‍ തുടര്‍കഥയാവുകയാണ്. ഇത്തരം ഒരു വാര്‍ത്തയാണ് തമിഴ്നാട്ടിലെ മധുരയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
തമിഴ്നാട്ടിലെ മധുരയില്‍ അഞ്ച് പൈസ കൊടുത്താല്‍ ബിരിയാണി കിട്ടും എന്ന പരസ്യം കണ്ട് ബിരിയാണി വാങ്ങനായി കൂട്ടം കൂടിയത് നൂറു കണക്കിന് പേരാണ്.
ഒരു ഹോട്ടലിന്റെ ഉദ്ഘാടന ദിവസത്തില്‍ അഞ്ചുപൈസയുമായി വരുന്നവര്‍ക്ക് ബിരിയാണി നല്‍കുമെന്നാണ് പരസ്യം നല്‍കിയത്. മധുരയിലെ സുകന്യ ബിരിയാണി സ്റ്റാള്‍ ഭക്ഷണശാലയിലാണ് സംഭവം നടന്നത്. പരസ്യം കണ്ടതും നിരവധി ആളുകളാണ് അഞ്ചു പൈസയുമായി ഹോട്ടലിന് മുന്‍പില്‍ തടിച്ചുകൂടിയത്. കടയുടെ ഉദ്ഘാടന ദിവസം നല്‍കിയ പരസ്യം വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
പരസ്യം കണ്ട് ഇത്രയും പേര്‍ എത്തുമെന്ന് പ്രതീക്ഷിക്കാത്ത കടയുടമയ്ക്ക് ഉദ്ഘാടന ദിവസം തന്നെ ഷട്ടര്‍ ഇടേണ്ടി വന്നു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഹോട്ടലിന് മുന്‍പില്‍ നീണ്ട നിര തന്നെ ഉണ്ടായതോടെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഉദ്ഘാടന ദിവസം തന്നെ ഹോട്ടലിന് തന്നെ പൂട്ടിട്ടു. എന്നാല്‍ ബിരിയാണി കിട്ടിയില്ലെന്ന പരാതിയായിരുന്നു ചിലര്‍ പൊലീസിനോട് പറഞ്ഞത്.
ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരമൊരു പരസ്യം നല്‍കിയതിനു പിന്നലെ രഹസ്യം. എന്നാല്‍ ഈ പരസ്യം ഇത്രയും തലവേദന സൃഷ്ടിക്കുമെന്ന് കടയുടമ പോലും പ്രതീക്ഷിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇങ്ങനെ ആളുകള്‍ കൂട്ടം കൂടുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്.