വോട്ട് ചോദിച്ചെത്തിയപ്പോള്‍ തൊഴിലുറപ്പ് ജോലിക്കാരുടെ കൂട്ടത്തില്‍ അമ്മ, അനൂപിന്റെ വോട്ട് തേടല്‍ ഇങ്ങനെ
ചിറയിന്‍കീഴ് : നാട്ടില്‍ തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകളോട് വോട്ട് ചോദിച്ചെത്തിയതായിരുന്നു സ്ഥാനാര്‍ത്ഥി. അപ്പോഴാണ് അക്കൂട്ടത്തില്‍ സ്വന്തം അമ്മയെയും കണ്ടത്. കെട്ടിപ്പിടിക്കാന്‍ നോക്കിയപ്പോള്‍ അമ്മ പറഞ്ഞു ‘തൊടേണ്ട മോനെ ഉടുപ്പില്‍ മണ്ണുപറ്റും’.
എന്നാല്‍ അതുവകവെയ്ക്കാതെ മകന്‍ അമ്മയെ ചേര്‍ത്തുപിടിച്ചു. ചിറയിന്‍കീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിഎസ് അനൂപും അമ്മ സുദേവിയും ആണ് കണ്ടുനിന്ന എല്ലാവരുടെയും കണ്ണുനനയിപ്പിച്ചത്. പഞ്ചായത്തില്‍ അനൂപ് മെമ്ബറായ വാര്‍ഡില്‍ത്തന്നെയാണ് അമ്മ തൊഴിലുറപ്പ് ജോലിക്ക് പോകുന്നത്.
ഇല്ലായ്മകള്‍ക്കിടയിലും മകന്റെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ക്കൊപ്പം നിന്നയാളാണ് സുദേവി. മൂന്ന് മക്കളില്‍ മുതിര്‍ന്നയാളാണ് അനൂപ്. കൂലിപ്പണിക്ക് പോയാണ് മൂന്ന് ആണ്‍മക്കളെയും സുദേവി വളര്‍ത്തിയത്. തൊണ്ടുതല്ലി കയര്‍പിരിക്കുന്ന പണിയായിരുന്നു സുദേവിക്ക്. പിന്നീട് തൊഴിലുറപ്പ് പണിയിലേക്കിറങ്ങുകയായിരുന്നു.
രണ്ട് ചെറിയ മുറികളുള്ള വീട്ടില്‍ എല്ലാവര്‍ക്കും കൂടി താമസിക്കാന്‍ പറ്റാതായതോടെ അനൂപും ഭാര്യയും മക്കളും വാടകവീട്ടിലേക്ക് മാറി. അനൂപിന്റെ അച്ഛന്‍ ബ്രഹ്മാനനന്ദന് പക്ഷാഘാതം വന്നതിനാല്‍ ജോലിക്കു പോവുന്നില്ല. വീടനടുത്ത്‌ചെറിയൊരു കട നടത്തുകയാണ് ഇദ്ദേഹം.