12നും 15നും ഇടയില്‍ പ്രായമുള്ളവരില്‍ ഫൈസര്‍ വാക്സിന്‍ സുരക്ഷിതമാണെന്ന് ബ്രിട്ടനിലെ മെഡിസിന്‍ റെഗുലേറ്ററി ഏജന്‍സി അറിയിച്ചു. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്‌ട്സ് റെഗുലേറ്ററി ഏജന്‍സിയാണ് (എം.എച്ച്.ആര്‍.എ) രണ്ട് ഡോസ് വാക്സിനും എടുക്കാന്‍ അംഗീകാരം നല്‍കിയത്.
സുരക്ഷ, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയുടെ മാനദണ്ഡങ്ങള്‍ വാക്സിന്‍ പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ യൂറോപ്യന്‍ യൂനിയനും അമേരിക്കയും വാക്സിന്‍ ഈ പ്രായക്കാരില്‍ സുരക്ഷിതമാണെന്ന് അറിയിച്ചിരുന്നു. ബ്രിട്ടനിലെ പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച സര്‍ക്കാര്‍ സമിതിയാണ് ഇനി ഇവര്‍ക്ക് വാക്സിന്‍ നല്‍കണോ, എപ്പോള്‍ നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുക.
’12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളിലെ പരീക്ഷണ ഫലങ്ങള്‍ ഞങ്ങള്‍ ശ്രദ്ധാപൂര്‍വം അവലോകനം ചെയ്തു. ഈ പ്രായത്തിലുള്ളവര്‍ക്ക് ഫൈസര്‍ വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ്. കൂടാതെ കോവിഡിനെ പ്രതിരോധിക്കാനും സാധിക്കുന്നുണ്ട്’ -എം.എച്ച്.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ജൂണ്‍ റെയിന്‍ പറഞ്ഞു.
അതേസമയം, 16 വയസ്സു മുതലുള്ള കൗമാരക്കാര്‍ക്ക് ഫൈസര്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പിന് നേരത്തെ അനുമതി നല്‍കിയ യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ ഈ മാസം മുതല്‍ 12-15 വയസ്സുകരില്‍ വാക്സിനേഷന് തുടങ്ങും. അമേരിക്കയില്‍ കൗമാരക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നത് ആരംഭിച്ചിട്ടുണ്ട്.
ഡിസംബറില്‍ മാസ് ഇമ്യൂണൈസേഷന്‍ ഡ്രൈവ് ആരംഭിച്ച രാജ്യമാണ് ബ്രിട്ടന്‍. മുതിര്‍ന്നവരില്‍ പകുതിയിലധികം പേര്‍ക്കും ഇപ്പോള്‍ രണ്ട് ഡോസ് കുത്തിവെപ്പുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ 75 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസെങ്കിലും ലഭിച്ചു. പ്രധാനമായും ഫൈസര്‍ അല്ലെങ്കില്‍ അസ്ട്രസെനെക്കയാണ് എല്ലാവരും എടുത്തിട്ടുള്ളത്.