മാണി സി.കാപ്പന്‍ പവാറിനെ കാണും, എന്‍സിപിക്ക് പാലാ നല്‍കില്ലെന്ന് പിണറായി

കോട്ടയം: എന്‍സിപിക്ക് പാലാ സീറ്റ് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനോട് ഫോണിലൂടെയാണ് പിണറായി ഇക്കാര്യം അറിയിച്ചത്. എന്‍സിപി എംഎല്‍എ മാണി സി.കാപ്പന് കുട്ടനാട്ടില്‍ മത്സരിക്കാമെന്നും പിണറായി വിജയന്‍ അറിയിച്ചു. രാജ്യസഭാ സീറ്റും എന്‍സിപിക്ക് നല്‍കില്ലെന്ന് കേന്ദ്ര നേതൃത്വത്തെ എല്‍ഡിഎഫ് അറിയിച്ചു. ഇതോടെ എന്‍സിപി ഇടതു മുന്നണി വിടാനുള്ള സാധ്യതയേറി.
പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ട് നല്‍കാത്തതില്‍ എന്‍സിപി ദേശീയ നേതൃത്വത്തിനു അതൃപ്തിയുണ്ട്. ഒടുവില്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇതോടെ മാണി സി.കാപ്പനും ടി.പി.പീതാംബരന്‍ മാസ്റ്ററും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ച നിര്‍ണായകമാവും. ഇന്ന് ഉച്ചയോടെയാണ് കൂടിക്കാഴ്ച.
പാലാ സീറ്റിന്റെ കാര്യത്തില്‍ ഇടതുമുന്നണി നിലപാട് വ്യക്തമാക്കിയതോടെ എന്‍സിപി മുന്നണി മാറ്റചര്‍ച്ചകള്‍ സജീവമാക്കിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ പാലാ സീറ്റ് തര്‍ക്കം ഏറെ കുറേ പരിഹരിക്കപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പിണറായി നിലപാട് വ്യക്തമാക്കിയതോടെ കുട്ടനാട് സീറ്റിലേക്ക് മാറി കാപ്പന്‍ ഒത്തുതീര്‍പ്പിന് വഴങ്ങുമോ അതോ യുഡിഎഫില്‍ ചേക്കേറുമോ എന്നാണ് അറിയേണ്ടത്.
മാണി സി.കാപ്പനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തിരുന്നു. പാലാ സീറ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് മാണി സി.കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത്.