ഭീമമായ നഷ്ടത്തിലോടുന്ന ഫാക്ടറിക്ക് പുതിയ ശാഖ തുടങ്ങാന്‍ പിണറായി
തിരുവനന്തപുരം: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കേരള ഓട്ടോമൊബൈല്‍സിന് പുതിയ ഫാക്ടറി തുടങ്ങാന്‍ കേരള സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരത്ത് ദേശീയപാതയോട് ചേര്‍ന്ന് പത്തര ഏക്കര്‍ ഭൂമിയും ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്ടറി കെട്ടിടവും നിലനില്‍ക്കെയാണ് പുതിയ ഫാക്ടറി തുടങ്ങുന്നത്. പിണറായി ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പാട്ടത്തിനെടുക്കുന്ന ഭൂമിയിലാണ് ഇലട്രിക് ഓട്ടോ അസംബ്ലിംഗ് ഫാക്ടറിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുള്ളത്.
നൂറുകണക്കിന് ജീവനക്കാര്‍ക്ക് ആറുമാസത്തോളമായി ശമ്പളം ലഭിക്കുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാര്‍ 35 കോടി രൂപ നല്‍കിയിട്ടും നഷ്ടം അനുദിനം വര്‍ധിച്ചുവരികയാണ്. വര്‍ഷം ആറായിരത്തിലധികം ഇലട്രിക് ഓട്ടോ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഈ സംരംഭം തുടങ്ങിയത്. എന്നാല്‍ രണ്ട് കൊല്ലത്തിനിടെ ആകെ ഉണ്ടാക്കി വിറ്റത് വെറും 150 എണ്ണം. ഇപ്പോള്‍ വിഎഎസ്എസിയിലെ അപൂര്‍വം ജോലികള്‍ ചെയ്യുന്നതൊഴിച്ചാല്‍ ഒന്നരലക്ഷം സ്‌ക്വയര്‍ഫീറ്റ് വരുന്ന ഫാക്ടറിയും അത്യന്താധുനിക യന്ത്രങ്ങളും വെറുതെ കിടക്കുകയാണ്.
ഇതിനിടയിലാണ് കോടികള്‍ ചെലവഴിച്ച് പിണറായിയില്‍ പുതിയ ഫാക്ടറി സ്ഥാപിക്കുന്നത്. കേരള ഓട്ടോമൊബൈല്‍സ് പുറത്തിറക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് ഓര്‍ഡറുകള്‍ ഇല്ലെന്നിരിക്കെ ഇനിയും കോടികള്‍ മുടക്കി സര്‍ക്കാര്‍ ഫാക്ടറി തുറക്കുന്നത് എന്തിനാണെന്ന് ആര്‍ക്കും മനസിലാവുന്നില്ല. വടക്കന്‍ കേരളത്തില്‍ ഇലട്രിക്ക് ഓട്ടോ നിര്‍മിക്കുന്നതിനാവശ്യമായ അംസ്‌കൃത വസ്തുക്കള്‍ എളുപ്പം എത്തിക്കാനാകും എന്ന വിചിത്രം വാദം പറഞ്ഞാണ് പുതിയ ഫാക്ടറിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരിക്കുന്നത്.
പ്രതിമാസം 50,000 രൂപ പിണറായിയിലെ സൊസൈറ്റിക്ക് പാട്ടത്തുക കൊടുക്കുകയും വേണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂലി നല്‍കാന്‍ വകയില്ലാത്ത സ്ഥാപനം പുതിയ ഫാക്ടറി തുടങ്ങുന്നതിനെതിരെ തൊഴിലാളികള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.