ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം തുടര്‍ന്നാല്‍ ശക്തമായ നടപടികളുണ്ടാകും- മുഖ്യമന്ത്രി
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയ ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വ്വഹിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അക്രമം നടന്നാല്‍ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യണം. ഒ.പി.കളിലും കാഷ്വാലിറ്റികളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ഇനി മുതല്‍ വിമുക്തഭടന്മാരെ തെരഞ്ഞെടുക്കണമെന്നും നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ലെന്നും ആശുപത്രി വികസനസമിതികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. മെഡിക്കല്‍കോളേജ് പോലുള്ള വലിയ ആശുപത്രികളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫീസറായി നിയമിക്കണം. നിലവിലുള്ള ഏജന്‍സികളുടെ കാലാവധി തീരുന്നതിനനുസരിച്ച്് ഇത് നടപ്പാക്കണം. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാഷ്വാലിറ്റികളിലും ഒ.പികളിലും സിസിടിവി സ്ഥാപിക്കണം. സ്വകാര്യ ആശുപത്രികളും അതിന് സംവിധാനമൊരുക്കണമെന്നും പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം എയിഡ്‌പോസ്റ്റുമായി ബന്ധപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.