Kerala NewsLatest NewsPolitics

‘ജയിലില്‍ കിടന്ന ആദ്യ മുഖ്യമന്ത്രി പിണറായി’,തന്നെ ശരിക്ക് മനസിലായിട്ടില്ലെന്ന് മറുപടിയും

തിരുവനന്തപുരം ; വാക്‌പോരാട്ടങ്ങളുടെ ഇടമായി വീണ്ടും നിയമസഭ. പിടി തോമസും പിണറായി വിജയനുമാണ് നേര്‍ക്കുനേര്‍ വാക്‌പോരിലേര്‍പ്പെട്ടത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. പി ടി തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.

സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ നിങ്ങളൊരു കമ്യൂണിസ്റ്റാണോ എന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി ടി തോമസ് ചോദിച്ചു. എം ശിവശങ്കര്‍ വെറുതേ വന്നതല്ല. അദ്ദേഹത്തിന് മുഖ്യമന്ത്രിയുമായുള്ള ബന്ധം ലാവ്‌ലിന്‍ കാലത്ത് തുടങ്ങിയതാണ്. ലാവ്‌ലിനില്‍ അന്വേഷണം നടക്കുന്ന കാലത്ത് ഫയലുകള്‍ ചോര്‍ത്തി നല്‍കിയതാണ് ശിവശങ്കറും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പത്തിന് കാരണമെന്നും പി ടി തോമസ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹ തലേന്ന് സ്വപ്ന അവിടെ എത്തിയിരുന്നോ ഇല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞാല്‍ മതി. മുഖ്യമന്ത്രി പറയുന്നത് തങ്ങള്‍ വിശ്വസിച്ചുകൊള്ളാം. ഇ എം എസാണ് ആദ്യ മുഖ്യമന്ത്രിയെങ്കില്‍ ജയിലില്‍ കിടന്ന ആദ്യ മുഖ്യമന്ത്രി എന്ന വിശേഷണമാകും പിണറായിക്ക് ഉണ്ടാകുക എന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

അതേ സമയം അടിയന്തര പ്രമേയത്തോട് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. പിണറായി വിജയനെ പി ടി തോമസിന് ഇതുവരെ മനസിലായിട്ടില്ലെന്ന് മുഖ്യന്ത്രി പറഞ്ഞു. പ്രമേയ അവതാരകനെ നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. അദ്ദേഹം വേറെ ഗ്രൂപ്പായതിനാലാണ് ചെന്നിത്തലക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുത്. ലാവ്ലിന്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ കുറേ ശ്രമിച്ചതല്ലേ. എന്റെ കൈകള്‍ ശുദ്ധമായതുകൊണ്ടാണ് അത് പറയാനുള്ള ആര്‍ജ്ജവമുണ്ടാവുന്നതെന്നും പിണറായി പറഞ്ഞു. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സംഭവിച്ചപ്പോള്‍ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. ലൈഫ് മിഷന്‍ സി ഇ ഒ യു.വി ജോസ് ഏത് കേസിലാണ് പ്രതി. സി എം രവീന്ദ്രനെ ഇതുവരെ ഒരു കേസിലും പ്രതിയാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ശിവശങ്കറിന് ഐഎഎസ് ലഭിക്കുന്നത് ആന്റണിയുടെ ഭരണകാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button