Kerala NewsLatest NewsNewsPolitics

ഫോണ്‍ ചോര്‍ത്താന്‍ സ്‌നൂപ്പിംഗ് ബില്ലുമായി പിണറായി

തിരുവനന്തപുരം: വ്യക്തി സ്വാതന്ത്ര്യത്തിനെ അപകടത്തിലാക്കി ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ ബില്ലുമായി പിണറായി സര്‍ക്കാര്‍. പോലീസിന് ആരുടെ ഫോണും സോഷ്യല്‍ മീഡിയയും ചോര്‍ത്താന്‍ എഡിജിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയുണ്ടെങ്കില്‍ സാധ്യമാകുന്ന തരത്തിലാണ് ബില്‍ വിഭാവനം ചെയ്തിരിക്കുന്നത്.

പെഗാസസ് കേസില്‍ കേന്ദ്രത്തിനെതിരെ ഇന്നും സമരമുഖത്തുള്ള സിപിഎം ഭരിക്കുന്ന കേരളത്തിലാണ് നിയമപരമായി ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ അധികാരം നല്‍കുന്നത്. ക്രിമനലുകളെ അമര്‍ച്ച ചെയ്യാനല്ലാതെ ഫോണ്‍ ചോര്‍ത്തുകയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആണയിട്ടുപറയുമ്പോഴും ഊഹാപോഹങ്ങളുടെ പേരില്‍ സമരരംഗത്തിറങ്ങിയവരാണ് ഇടതുപക്ഷക്കാര്‍. കേരളത്തില്‍ സ്‌നൂപ്പിംഗ് ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത് ദ ഹിന്ദു പത്രമാണ്.

പൗരന്റെ സ്വകാര്യത എന്ന മൗലികാവകാശം ലംഘിച്ച് പേഴ്‌സണല്‍ ഡിവൈസിലേക്കും കമ്മ്യൂണിക്കേഷനിലേക്കും നുഴഞ്ഞുകയറാന്‍ കേരള പോലീസ് നാളുകളേറെയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് നിയമസാധുത നല്‍കുന്ന രീതിയില്‍ കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് എന്ന പേരില്‍ ബില്‍ തയ്യാറാക്കുന്നുവെന്നാണ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ചീഫ് സെക്രട്ടറിയുടെ പരിശോധനയിലാണ് ഈ ബില്‍.

ഫോണിലും സോഷ്യല്‍ മീഡിയ ആപ്പുകളിലുമെല്ലാം ഇടപെടല്‍ സാധ്യമാക്കുന്ന തരത്തിലാണ് ബില്‍ തയ്യാറാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം പരിഗണിച്ച് മതിയായ സാഹചര്യമുണ്ടെങ്കില്‍ ചോര്‍ത്തലിന് എഡിജിപിക്ക് തന്നെ അനുമതി നല്‍കാം. സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് ഈ സാഹചര്യം കടന്നു വരിക. വ്യക്തികളുടെ ആയുസിനും ജീവനും ഭീഷണിയുണ്ടാകുമെന്ന് തോന്നുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കരടു നിയമം വിശദീകരിക്കുന്നു.

പോലീസിന് അമിത അധികാരം നല്‍കിയാല്‍ അവരുടെ താത്പര്യം അനുസരിച്ച് ആരുടേയും സ്വകാര്യതയിലേക്ക് കടന്നു കയറുന്ന സ്ഥിതി വിശേഷമുണ്ടാകും. അതുകൊണ്ടു തന്നെ ഈ ബില്‍ പലരുടെയും സ്വകാര്യതയെ ഇല്ലാതാക്കും. അന്വേഷണ ഉദ്യോഗസ്ഥന് അനുമതിയില്ലാതെ തന്നെ ചോര്‍ത്തല്‍ തുടങ്ങാമെന്ന വ്യവസ്ഥയും ബില്ലില്‍ ഉണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ഫോണ്‍ നിരീക്ഷണം തുടങ്ങി 48 മണിക്കൂറിനുള്ളില്‍ എഡിജിപിയുടെ അനുമതി വാങ്ങിയാല്‍ മതി.

ഇങ്ങനെ എഡിജിപി ഈ വിഷയം പരിശോധിക്കുമ്പോള്‍ ചോര്‍ത്തലില്‍ കാര്യമില്ലെങ്കില്‍ ഉടന്‍ അവസാനിപ്പിക്കണമെന്നതാണ് വ്യവസ്ഥ. അതായത് 48 മണിക്കൂറില്‍ ആരുടേയും അനുമതിയില്ലാതെ നിരീക്ഷണമാകാം. ഇതിലൂടെ കേരളത്തിലെ ഏതൊരു വ്യക്തിയുടെയും ഫോണും സോഷ്യല്‍ മീഡിയയും ഏതു പോലീസുകാരനും എപ്പോള്‍ വേണമെങ്കിലും ചോര്‍ത്താന്‍ കഴിയുമെന്ന അവസ്ഥയാണ് സംജാതമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button