ഇനിയെങ്കിലും ഈ വിമാനങ്ങള്‍ പിന്‍വലിക്കണം; മിഗ് തകര്‍ന്ന് മരിച്ച വ്യോമസേന പൈലറ്റിന്റെ പിതാവ്
മീററ്റ്: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. മകനെ നഷ്ടപ്പെട്ട അഭിനവ് ചൗധരിയുടെ പിതാവ് സതേന്ദ്ര ചൗധരിക്ക് സര്‍ക്കാരിനോട് പറയാനുള്ളത് ഇനിയെങ്കിലും ഇത്തരം കാലാഹരണപ്പെട്ട വിമാനങ്ങള്‍ പിന്‍വലിക്കണമെന്നാണ്.
പഞ്ചാബിലെ മൊഗാ മേഖലയില്‍ പതിവ് പരിശീലന പറക്കലിനിടെയാണ് അഭിനവ് ചൗധരി പറത്തിയ മിഗ് വിമാനം അപകടത്തില്‍പ്പെട്ടത്.
‘എനിക്ക് എല്ലാം നഷ്ടപ്പെട്ടു’ കോപത്തോടെയും അസ്വസ്ഥതയോടെയും കര്‍ഷകനായ സതേന്ദ്ര ചൗധരി പറഞ്ഞു.’കാലഹരണപ്പെട്ട വിമാനങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. മറ്റുള്ളവരുടെ ജീവന്‍കൂടി ഇനിയും നഷ്ടപ്പെടരുത്. അവ നിര്‍ത്താന്‍ ഞാന്‍ സര്‍ക്കാരിനോട് തൊഴു കൈകളോടെ അഭ്യര്‍ത്ഥിക്കുന്നു’ അദ്ദേഹം പറഞ്ഞു. അഭിനവിന്റെ അമ്മയ്ക്കും സഹോദരിക്കും ഭാര്യ സോണിക ചൗധരിക്കുമൊപ്പമാണ് സതേന്ദ്ര ചൗധരി ഇത്തരത്തില്‍ അഭ്യര്‍ത്ഥന നടത്തിയത് .
2019 ഡിസംബറിലാണ് അഭിനവ് വിവാഹിതനായത്. മെയില്‍ അവധിക്ക് വീട്ടിലെത്താനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ അതിന് സാധിച്ചില്ല. അതെ സമയം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി 14 ഓളം മിഗ് വിമാനങ്ങളാണ് തകര്‍ന്നത്. ഇത് സംബന്ധിച്ച് ഒരു അന്വേഷണവും നടത്താത്തതെന്നും മിഗ് വിമാനങ്ങള്‍ മാത്രം തകരുന്നത് എന്തുകൊണ്ടെന്നും അഭിനവിന്റെ ബന്ധുവും കര്‍ണാലിലെ ഡോക്ടറുമായ അനുജ് ടോകാസ് ചോദിച്ചു.