CinemaKerala NewsLatest News

‘അഭിവാദ്യങ്ങള്‍, തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ തീരുമാനം’ അനുകൂലിച്ച്‌ ആഷിഖ് അബു

രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരായി പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ അനുകൂലിച്ച്‌ സംവിധായകന്‍ ആഷിഖ് അബു. തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ തീരുമാനമാണെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. മന്ത്രിസ്ഥാനം എന്നത് പാര്‍ട്ടി വ്യക്തികളെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തമാണെന്ന് സ്ഥാനമൊഴിയുന്നവരും ഏറ്റെടുക്കാനിരിക്കുന്നവരും ഒരുപോലെ പറഞ്ഞുകേട്ടതില്‍ സന്തോഷം തോന്നിയെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

ആഷിഖ് അബുവിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം

മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു ബഹുജനപാര്‍ട്ടി, ഒരു വ്യക്തിയെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന് സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കാണുന്നത്. സന്തോഷം തോന്നി. അഭിവാദ്യങ്ങള്‍. തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്.”നവകേരളം” എന്ന പാര്‍ട്ടിയുടെ ദീര്‍ഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാന്‍ സാധിക്കും. കഴിഞ്ഞ സര്‍ക്കാരിനെ നയിച്ചവര്‍ ഇനി പാര്‍ട്ടിയെ നയിക്കും. പുതിയ ടീമിന് കരുത്തേകുന്ന പാര്‍ട്ടിയുടെ സംവിധാനമായി ഇവരെല്ലാവരും ഇവിടെത്തന്നെയുണ്ടാകും. ജനങ്ങള്‍ക്കിടയില്‍.

ടീച്ചര്‍ക്കും, മണിയാശാനും, സഖാവ് ഐസക്കിനും, സഖാവ് സുധാകരനും ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ച എല്ലാ സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍. പി രാജീവിനും, എം ബി രാജേഷിനും, കെ എന്‍ ബാലഗോപാലിനും, വീണ ജോര്‍ജിനും ഗോവിന്ദന്‍മാഷിനും മുഹമ്മദ് റിയാസിനും സജി ചെറിയാനും പ്രൊഫ ബിന്ദുവിനും ചിഞ്ചുറാണിക്കും മറ്റെല്ലാ പുതിയ മന്ത്രിമാര്‍ക്കും ആശംസകള്‍. പുതിയ ടീമിനെ നയിക്കുന്ന സഖാവ് പിണറായി വിജയന് ആശംസകള്‍, അഭിവാദ്യങ്ങള്‍. വിയോജിപ്പുകളെ ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട് സഖാക്കളേ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button