

ഓടിക്കൊണ്ടിരുന്ന ലോറിയിലെ ഡ്രൈവർ കുഴഞ്ഞുവീഴുന്നത് കണ്ടു ലോറിയിൽ സാഹസികമായി കയറിക്കൂടിയ പോലീസ് ഡ്രൈവർ ലോറി നിർത്തിയത് മൂലം വലിയ അപകടം ഒഴിവായി. പാലക്കാട് ജില്ലയിലാണ് സംഭവം. ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന്റെ മനഃധൈര്യം ഒഴിവാക്കിയതു വൻ അപകടമായിരുന്നു.
കണ്ടെയ്നർ ലോറിയിലെ ഡ്രൈവർ കുഴഞ്ഞു വീണതിനെ തുടർന്നു നിയന്ത്രണം വിട്ട ലോറിയിൽ ചാടിക്കയറി കൈ ഉപയോഗിച്ച് ബ്രേക്ക് അമർത്തി ലോറി നിർത്തിയാണ് ഹൈവേ പൊലീസ് ഡ്രൈവർ കാട്ടുശ്ശേരി സ്വദേശി വിനോദ് വൻ ദുരന്തം ഒഴിവാക്കിയത്. വെള്ളിയാഴ്ച ആലത്തൂർ സ്വാതി ജംക്ഷനിലെ സിഗ്നലിനു സമീപം ആയിരുന്നു സംഭവം നടന്നത്. ബെംഗളൂരുവിൽ നിന്നു വരികയായിരുന്ന ലോറി സ്വാതി ജംക്ഷനിൽ എത്തിയപ്പോൾ ഡ്രൈവർ യുപി സ്വദേശി സന്തോഷ് അപസ്മാരം വന്ന് സ്റ്റിയറിങ്ങിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ ലോറി നിയന്ത്രണം വിട്ടു റോഡരികിലേക്കു നീങ്ങി. അപ്പോൾ ലോറിക്ക് മുന്നിൽ നിരവധി വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു. ലോറിയുടെ വരവു കണ്ടു സംശയം തോന്നിയ ഹൈവേ പൊലീസ് ഡ്രൈവർ വിനോദ് നോക്കിയപ്പോൾ ഡ്രൈവർ സ്റ്റിയറിങ്ങിൽ കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ലോറിയിലേക്ക് വിനോദ് ചാടിക്കയറി സ്റ്റിയറിങ് നിയന്ത്രണത്തിലാക്കി ബ്രേക്ക് ചെയ്ത് വാഹനം നിർത്തുകയായിരുന്നു. ഇതിനിടെ ഡ്രൈവർ വിനോദിന്റെ ദേഹത്തേക്കു വീണുകഴിഞ്ഞിരുന്നു. ഇതിനിടെ ലോറിയുടെ വരവിൽ പന്തികേടു തോന്നിയ ആലത്തൂർ സ്റ്റേഷനിലെ ഹോംഗാർഡ് ടി.പി.മോഹൻദാസ് സമീപത്തു ജോലി ചെയ്തിരുന്ന സ്ത്രീയെയും വലിച്ചു കൊണ്ട് സമീപത്തെ കടയുടെ മുന്നിലേക്ക് ഓടിമാറിയതിനാൽ മറ്റൊരു അപകടം കൂടിയാണ് ഒഴിവായത്. ഡ്രൈവറെ ലോറിയിൽ നിന്നു താഴെയിറക്കി പോലീസ് അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പാലക്കാട് എ.ആർ.ക്യാമ്പിലെ ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ആലത്തൂർ കാട്ടുശ്ശേരി സ്വദേശിയായ വിനോദ്.
Post Your Comments