‘സൗകര്യമുള്ളവര്‍ വോട്ട് ചെയ്‌താല്‍ മതി’; പി.സിയുടെ വാക്കുകള്‍ അക്ഷരം പ്രതി അനുസരിച്ച് വോട്ടര്‍മാര്‍
കോട്ടയം: രാഷ്ട്രിയത്തില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തി അതിലെല്ലാം വിജയം കൈവരിച്ച പിസി ജോര്‍ജിനു തോല്‍വി. ജോര്‍ജിനെ ഏറ്റെടുക്കാന്‍ കേരളത്തിലെ ഒരു മുന്നണിയും തയ്യാറല്ലായിരുന്നു. അങ്ങനെയാണ് ഒറ്റയ്ക്ക് മത്സരിച്ചത്. കഴിഞ്ഞ തവണ ജനം പി സിയെ വിജയിപ്പിച്ച് കയറ്റി. അതിന്റെ അമിത ആത്മവിശ്വാസവും പി സി ക്ക് ഉണ്ടായിരുന്നു. 27000 ന്‍റെ ഭൂരിപക്ഷമായിരുന്നു ഇത്തവണ ജോര്‍ജിന്‍റെ ലക്‌ഷ്യം. പക്ഷെ, 10000 വോട്ടിന്റെ തോല്‍വിയാണു പി സി യെ കാത്തിരുന്നത്.
പിസി ജോര്‍ജിന് പറ്റിയത് ലക്കില്ലാത്ത നിലപാടുകളും അഹങ്കാരം നിറഞ്ഞ വാക്കുകളും തന്നെയായിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് നേടാന്‍ പിസിക്ക് കഴിഞ്ഞില്ല. 4365 വോട്ടിന്റെ ലീഡോടെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി സെബ്സ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് വിജയിച്ചത്. 40 വര്‍ഷമായി മണ്ഡലത്തിന്റെ എംഎല്‍എയാണ് പി സി ജോര്‍ജ്.
ഹിന്ദുരാഷ്ട്രം, ലൗജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പി സി ജോര്‍ജ് നടത്തിയ പ്രസ്താവനകള്‍ പ്രചാരണ ഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വോട്ടര്‍മാരെ വരെ അധിക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യുന്ന പ്രസ്താവന ആയിരുന്നു പി സി നടത്തിയിരുന്നത്. സൗകര്യമുള്ളവര്‍ വോട്ട് ചെയ്‌താല്‍ മതിയെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വോട്ടര്‍മാര്‍ക്ക് ദഹിച്ചില്ല. അവര്‍ അവരുടെ സൗകര്യം പോലെ വോട്ട് ചെയ്തു എന്ന തന്നെ പറയേണ്ടി വരും.