മോദിയെ പുകഴ്ത്തി പോസ്റ്റിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ ക്രൂരമര്‍ദനം

തൊടപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. ആലുവ ഡിപ്പോയിലെ ഡ്രൈവറായ വണ്ണപ്പുറം മുള്ളരിങ്ങാട് താന്നിക്കല്‍ മനുസൂദനനെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. മക്കളുടെ മുന്നിലിട്ടാണ് ആദിവാസി വിഭാഗത്തില്‍പെട്ട യുവാവിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിച്ചത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട മനു മക്കളുമായി ബസില്‍ യാത്ര ചെയ്യുകയായിരുന്നു. ബസില്‍ തൊടുപുഴയ്ക്ക് വരുന്ന വഴി ഫോണ്‍ വിളിച്ച് വണ്ണപ്പുറത്ത് ഇറങ്ങാന്‍ ചിലര്‍ അവശ്യപ്പെട്ടെങ്കിലും മനു അത് കാര്യമാക്കിയില്ല. ബസ് മങ്ങാട്ടുകവല മുസ്ലിം പള്ളിക്ക് സമീപം എത്തിയപ്പോള്‍ ഏതാനും ആളുകള്‍ ബസില്‍ കയറി. ഇവര്‍ മനുവിനെ ബസില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദനം.
ബസ് വളഞ്ഞ ഒരു സംഘം ആളുകള്‍ മനുസൂദനെ ആക്രമിക്കാന്‍ തുടങ്ങി. അക്രമികള്‍ അദ്ദേഹത്തിനു നേരെ അസഭ്യം പറയുകയും തങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്ന് അക്രമികള്‍ സ്ഥലം വിട്ടു. ആലുവ കെഎസ്ആര്‍ടിസി ഡിപ്പോ എംപ്ലോയീസ് യൂണിയന്റെ വാട്ട്സാപ്പ് ഗ്രൂപ്പിലെ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുസ്ലീം ഗ്രൂപ്പുകളില്‍ പ്രചരിച്ച ഒരു പോസ്റ്റ് ഈ വാട്‌സാപ്പ് ഗ്രൂപ്പിലേക്കും ആരോ ഷെയര്‍ ചെയ്തു. ഇതിനെതിരെ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തിയുള്ള ഒരു പോസ്റ്റ് മനുസൂദനന്‍ ഗ്രൂപ്പിലിട്ടു. ഇതോടെ ഇദ്ദേഹത്തെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ക്രൂരമായ മര്‍ദനമേറ്റ മനുവിനെ ആദ്യം തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൊടുപുഴയിലെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.