ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാന്‍ പോപ്പുലര്‍ ഫ്രണ്ട്
തിരുവനന്തപുരം: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് തിരുവനന്തപുരത്തും ഒരു പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. പൂജപ്പുരയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. എന്നാല്‍ സഹപ്രവര്‍ത്തകരെ കണ്ട് കൊലപ്പെടുത്താന്‍ വന്നവര്‍ പിന്തിരിയുകയാണുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പൂജപ്പുര ഉപനഗര്‍ കാര്യവാഹിന് നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബൈക്കില്‍ ഓഫീസിലെത്തിയ ഇദ്ദേഹത്തെ പിന്‍തുടര്‍ന്ന് വൈകിട്ട് അഞ്ചംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി സ്വകാര്യ സ്ഥാപനത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലെത്തിയ അക്രമികള്‍ ഓഫീസിലെ സഹപ്രവര്‍ത്തകരെ കണ്ട് കൃത്യം നടത്താതെ പിന്തിരിയുകയാണുണ്ടായത്.
ഒരു ബൈക്കില്‍ രണ്ട് പേരും സ്‌കൂട്ടറില്‍ മൂന്ന് പേരുമാണ് എത്തിയത്. ഇവര്‍ വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആക്രമണം നടത്താന്‍ കരുതി കൂട്ടി എത്തിയതാണെന്ന് മനസിലായത്. പൂജപ്പുര മേഖലയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഉപനഗര്‍ കാര്യവാഹിന് നേരെയും ഉണ്ടായത്. സംഭവത്തില്‍ പൂജപ്പുര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.