

എറണാകുളം കളക്ടറേറ്റിലെ ജീവനക്കാരനായ സുഹൃത്തിന്റെ സഹായത്തോടെ പ്രളയക്കെടുതിക്കിരയായവർക്കായുള്ള പ്രളയഫണ്ട് തട്ടിപ്പുകേസില്‍ അറസ്റ്റിലായ സി.പി.എം തൃക്കാക്കര മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എംഎം അന്‍വറിനെ അഞ്ചു ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. അൻവറിനെ കൂട്ടി ബുധനാഴ്ച നടത്തിയ തെളിവെടുപ്പില്‍ പണമിടപാടുസംബന്ധിച്ച് ചില രേഖകള്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. അയ്യനാട് സഹകരണബാങ്കില്‍ നിന്ന് അന്‍വര്‍ അഞ്ചു ലക്ഷം രൂപ പിന്‍വലിച്ചതിന്റെ റസീതുകളാണ് കണ്ടെത്തിയത്. ബാങ്ക് ഡയറക്ടറായ അൻവറിന്റെ ഭാര്യയാണ് പണം പിന്‍വലിക്കാന്‍ അന്‍വറിനെ സഹായിച്ചത്.
കുടുതല്‍ പണം തട്ടിയെടുത്തിട്ടുണ്ടോ എന്നറിയാനും തട്ടിയെടുത്തതായി കണ്ടെത്തിയ പണം എന്തുചെയ്തു എന്നറിയുന്നതിനും കഴിഞ്ഞ ദിവസങ്ങളില്‍ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നതാന് പോലീസ് മുഖ്യമായും അന്വേഷിക്കുന്നത്. എന്നാല്‍ തട്ടിപ്പില്‍ നേതാക്കള്‍ക്ക് പങ്കില്ലെന്നാണ് അന്‍വര്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്. 73 ലക്ഷം രൂപ കാണാതായ രണ്ടാമത്തെ കേസിലും അന്‍വറിന്റെ പങ്ക് ക്രൈംബ്രാഞ്ച് പരിശോധിച്ചുവരുകയാണ്. കഴിഞ്ഞദിവസം തെളിവെടുപ്പ് കഴിഞ്ഞു മടങ്ങുന്നതിനിടെ അന്‍വറിന് നേരെ ചില നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
Post Your Comments