പ്രീവെഡിങ്ങ് ഫോട്ടോഷൂട്ട്: പ്രതിശ്രുതവധൂവരന്മാർ കാവേരീ നദിയിൽ മുങ്ങി മരിച്ചു.

മൈസൂരിൽ പ്രീ വെഡിങ്ങ് ഫോട്ടോ ഷൂട്ടിനെത്തിയ പ്രതിശ്രുത വധൂവരന്മാർ നദിയിൽ മുങ്ങി മരിച്ചു. മൈസൂരു ക്യാത്മനഹള്ളി സ്വദേശികളായ ചന്ദ്രു (28), ശശികല (20) എന്നിവരാണ് കാവേരീ നദിയിൽ മുങ്ങി മരിച്ചത്. മൈസൂരുവിലെ ടി. നരസിപൂരി നടുത്ത് കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഈ മാസം 22-നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
മൈസൂരുവിൽനിന്നും ഫോട്ടോ ഷൂട്ടിനായി ഫോട്ടോഗ്രാഫർക്കും ഏതാനും ബന്ധുക്കൾക്കുമൊപ്പമാണ് ഇവർ തലക്കാട്ടെത്തിയത്. ഫോട്ടോയെടുക്കാൻ പോസുചെയ്യാനായി കുട്ടവള്ളത്തിൽ കയറി പുഴയിലിറങ്ങുന്നതിനിടെ വള്ളത്തിന്റെ നിലതെറ്റി ശശികല വെള്ളത്തിൽ വീഴുകയായിരുന്നു. ശശികലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചന്ദ്രുവും വെള്ളത്തിലകപ്പെട്ടു. ഇരുവരും മുങ്ങിമരിക്കുകയായിരുന്നെന്ന് തലക്കാട് പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്നവർക്ക് ഇവരെ രക്ഷപ്പെടുത്താനായില്ല. നാട്ടുകാരും പോലീസും ഫയർ ബ്രിഗേഡുമാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകീയാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെടുത്തത്. തലക്കാട് പോലീസ് കേസ് രജിസ്റ്റർചെയ്തു.