കോട്ടയത്തെ ഭീതിയിലാഴ്ത്തി മോഷണ സംഘത്തിന്റെ സാന്നിധ്യം
കോട്ടയം: കോട്ടയത്തെ ഭീതിയിലാഴ്ത്തി അതിരമ്പുഴ പഞ്ചായത്തില്‍ മോഷണ സംഘത്തിന്റെ സാന്നിധ്യം. അടിവസ്ത്രം മാത്രം ധരിച്ച് കൈയില്‍ വടിവാളും കോടാലിയുമായി നീങ്ങുന്ന സംഘത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്. ആയുധങ്ങളുമായെത്തിയ സംഘം ചില വീടുകളില്‍ കയറാനും ശ്രമിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
അതിരമ്പുഴ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തൃക്കേല്‍, മനയ്ക്കപാടം പ്രദേശങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അജ്ഞാത സംഘമെത്തിയത്. ആയുധങ്ങളുമായെത്തിയ മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞു. റെയില്‍വേ ട്രാക്കിന് അടുത്തുള്ള പ്രദേശങ്ങളാണിത്. ഇവിടെയുള്ള നാലോളം വീടുകളില്‍ മോഷണ ശ്രമവും നടന്നിട്ടുണ്ട്. സംഘം ഉപേക്ഷിച്ചതെന്ന് കരുതുന്ന ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെത്തി.
കോട്ടയത്ത് എത്തിയത് തമിഴ്നാട്ടിലെ കുപ്രസിദ്ധ കൊള്ളസംഘമായ കുറുവ സംഘമാണോ എന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം ഉറപ്പിക്കാനാകില്ലെന്നാണ് പോലീസ് നിലപാട്. കുറുവ സംഘമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സാധ്യത തള്ളിക്കല്ല്ലെന്നും എന്നാല്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു.
അഞ്ചാം വാര്‍ഡ് മനയ്ക്കപ്പാടം നീര്‍മലക്കുന്നേല്‍ മുജീബ്, കളപ്പുരത്തട്ടേല്‍ ജോര്‍ജ്, ആറാം വാര്‍ഡ് തൃക്കേല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന യാസിര്‍, പൈമറ്റത്തില്‍ ഇഖ്ബാല്‍, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാര്‍, ഏഴാം വാര്‍ഡിലെ യാസ്മിന് എന്നിവരുടെ വീടുകളിലാണ് പുലര്‍ച്ചെ ഒന്നിനും 3.30നും ഇടയില്‍ മോഷണ ശ്രമം നടന്നത്. യാസിറിന്റെ ഭാര്യയുടെ ലോഹപാദസരം സ്വര്‍ണമാണെന്ന് കരുതി സംഘം അപഹരിച്ചു. യാസ്മിന്റെ വീട്ടില്‍ മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നു. ഇതോടെ സംഘം സ്ഥലം വിട്ടു.