കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയം കൈമാറിയത് പ്രത്യേക താത്പര്യത്തില്‍
കോഴിക്കോട്: വിവിധ വകുപ്പുകളെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി എടുക്കുന്ന തീരുമാനങ്ങള്‍ വിവാദമാകുന്നു. ഏറെ വിവാദമായ കോഴിക്കോട്ടെ കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയം അലിഫ് ബില്‍ഡേഴ്സിന് പാട്ടത്തിന് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം ധനവകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും എതിര്‍പ്പ് മറികടന്നാണെന്ന് റിപ്പോര്‍ട്ട്. കെട്ടിട സമുച്ഛയം വെവ്വേറെ യൂണിറ്റുകളായി പാട്ടത്തിന് നല്‍കുന്നതാണ് ലാഭകരമെന്നായിരുന്നു ധനവകുപ്പ് നിര്‍ദേശിച്ചിരുന്നത്.
വാണിജ്യ സമുച്ഛയത്തിന്റെ നടത്തിപ്പ് കെഎസ്ആര്‍ടിസിയെ ഏല്‍പ്പിക്കണമെന്നായിരുന്നു ഗതാഗത വകുപ്പ് മുന്നോട്ടുവച്ച നിര്‍ദേശം. എന്നാല്‍ ഈ രണ്ട് നിര്‍ദേശങ്ങളും തളളിയാണ് മന്ത്രിസഭ അലിഫ് ബില്‍ഡേഴ്സിന് കെട്ടിടം പാട്ടത്തിന് നല്‍കിയത്. 50 കോടി രൂപ ഡെപ്പോസിറ്റും 50 ലക്ഷം രൂപ വാടകയും സമുച്ഛയത്തിന് പാട്ടമായി നല്കാന് മാക് ബില്‍ഡേഴ്സ് ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നു. ആ ടെന്‍ഡര്‍ പരാജയപ്പെട്ടു. ഇപ്പോള്‍ അലിഫ് ബില്‍ഡേഴ്സ് എടുത്തതാകട്ടെ 17 കോടി രൂപ നിക്ഷേപവും 43 ലക്ഷം രൂപ വാടകയും നല്‍കിയാണ്.
ഇതോടെ കെഎസ്ആര്‍ടിസി കെട്ടിട സമുച്ഛയം അലിഫ് ബില്‍ഡേഴ്സിന് തന്നെ നല്കാന് ചില ആളുകള്‍ക്ക് പ്രത്യേക താത്പര്യം ഉണ്ടായിരുന്നതായാണ് മനസിലാക്കാനാവുന്നത്. ധനകാര്യ സെക്രട്ടറിയുടെ നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് സര്‍ക്കാരിന് നല്കിയ കത്തില്‍ വാണിജ്യ സമുച്ഛയം ഒറ്റ യൂണിറ്റായി പാട്ടത്തിന് നല്‍കാനായി നടത്തിയ മൂന്ന് ടെന്‍ഡറുകളും പരാജയപ്പെട്ടിട്ടും നാലാം വട്ടവും ഇതേ ശ്രമമാണ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാത്രമല്ല കെടിഡിഎഫ്സിക്കുള്ള ബാധ്യതകള്‍ പരിഹരിച്ച് വാണിജ്യ സമുച്ഛയം കെഎസ്ആര്‍ടിസിയെ ഏല്പിക്കണമെന്നും ഗതാഗതവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിച്ച കോംപ്ലക്സ് കെഎസ്ആര്‍ടിസിയെ ഏല്‍പ്പിച്ചാല്‍ മാത്രമെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയൂ എന്നും ഗതാഗതം വകുപ്പ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതെല്ലാം തളളിയാണ് പിണറായി സര്‍ക്കാര്‍ നടത്തിപ്പ് ചുമതല അലിഫ് ബില്‍ഡേഴ്സിന് കൈമാറാന്‍ തീരുമാനിച്ചത്.