Kerala NewsLatest NewsNews

ചാര്‍ജ് വര്‍ധന ഉറപ്പാക്കി സമരം പിന്‍വലിച്ച് സ്വകാര്യബസ് ഉടമകള്‍

തിരുവനന്തപുരം: ഇന്നുമുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചത് ചാര്‍ജ് വര്‍ധന ഉറപ്പാക്കിയെന്ന് സൂചന. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍. ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രി ആന്റണി രാജു നല്‍കിയ ഉറപ്പിന്മേലാണ് സമരം മാറ്റിവച്ചത്. ബസ് ഉടമകള്‍ 12 രൂപ മിനിമം ചാര്‍ജ് എന്ന് വാദിക്കുന്നുണ്ടെങ്കിലും 10 രൂപയായി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.

2018ലാണ് ഇതിനുമുന്‍പ് ബസ് ചാര്‍ജ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അന്ന് 62 രൂപയായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വില. ആ സമയത്താണ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിപ്പിച്ചത്. ഡീസല്‍ വില 95ന് മുകളില്‍ എത്തിയ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയിലെത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാനപ്പെട്ട ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷനും ആറ് രൂപയാക്കി വര്‍ധിപ്പിക്കണമെന്നും അവര്‍ ഉന്നയിച്ചു.

കോവിഡ് കാലം കഴിയുന്നത് വരെ വാഹനനികുതി പൂര്‍ണമായും ഒഴിവാക്കണമെന്നാണ് മറ്റൊരാവശ്യം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. ഈ വിഷയത്തോട് അനുഭാവപൂര്‍വമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായി അതിനാല്‍ സമരം പിന്‍വലിക്കുന്നുവെന്നാണ് ബസ് ഉടമകള്‍ അറിയിച്ചത്. എന്നാല്‍ ഈ മാസം 18ന് മുന്‍പ് തീരുമാനം എടുത്തില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന ഭീഷണി മുഴക്കാനും ബസുടമകള്‍ മടിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button